മമ്മൂട്ടിയുടെ ‘കാതൽ – ദ് കോർ’ എന്ന പുതിയ ചിത്രത്തിന് വിലക്കേർപ്പെടുത്തി സൗദി. ഖത്തറിനും കുവൈത്തിനും പിന്നാലെയാണ് സൗദിയും ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രദർശനം വിലക്കിയിരിക്കുന്നത്. സൗദി അറേബ്യയിൽ സിനിമ പ്രദര്‍ശിപ്പിക്കാൻ സെൻസർ ബോർഡ് അനുമതി നിഷേധിക്കുകയായിരുന്നു.
യുഎഇ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലും സിനിമയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയേക്കുമെന്നാണ് വിവരം. കാതൽ മുന്നോട്ട് വയ്‌ക്കുന്ന വിഷയമാണ് വിലക്കിന് കാരണമായത്. ഈ മാസം 23-നായിരുന്നു ചിത്രം സൗദിയിൽ റിലീസ് ചെയ്യാനിരുന്നത്. ഗൾഫിലെ തിയറ്ററുകളിൽ വൻ സ്വീകാര്യതയാണ് മലയാള ചിത്രങ്ങൾക്ക് ലഭിക്കാറുള്ളത്. മമ്മൂട്ടി ചിത്രങ്ങൾ മികച്ച കളക്ഷനും ഇവിടെ നിന്നും നേടുന്നു.
മമ്മുട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘കാതൽ – ദ് കോർ’ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 13 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മലയാള സിനിമയിലേയ്‌ക്ക് ജ്യോതിക തിരിച്ചെത്തുന്നത്. സ്വവർഗ ലൈംഗികത പോലുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമകൾക്ക് പൊതുവെ ഗൾഫ് നാടുകളിൽ വിലക്ക് ഏർപ്പെടുത്താറുണ്ട്.