ITFOK 2024 : സമകാലിക പ്രമേയങ്ങളുമായി മലയാള നാടകവേദി

Written by Taniniram1

Published on:

കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സാമൂഹ്യ പരിവർത്തനങ്ങൾ മനുഷ്യരിലെന്ന പോലെ നാടകങ്ങളിലും ചലനങ്ങൾ ഉണ്ടാക്കുകയെന്നത് അനിവാര്യമാണ്. കേരള സംഗീത നാടക അക്കാദമിയിൽ ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന രാജ്യാന്തര നാടകോത്സവം ITFOK 2024 ലും മലയാള നാടകവേദിയുടെ സജീവ സാന്നിധ്യമുണ്ടാകും. ലിറ്റിൽ ഏർത് സ്കൂൾ ഓഫ് തിയറ്ററിന്റെ ‘അവാർഡ്’, കോഗ്നിസൻസ് പപ്പറ്റ് തിയേറ്റർ ഒരുക്കുന്ന ‘പാപ്പിസോറ’, നാട്യശാസ്ത്രയുടെ ‘കോർണർ’, ഓക്സിജന് തിയറ്റർ ഗ്രൂപ്പിന്റെ ‘ഉബു റോയി’, സ്കൂൾ ഓഫ് ഡ്രാമയിലെ ‘ഞാനും പോട്ടെ ബാപ്പാ ഒൽമരം കാണുവാൻ’ എന്നിങ്ങനെ അഞ്ച് മലയാള നാടകങ്ങളാണ് ITFOK 2024 ൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ആദ്യ നാല് നാടകങ്ങൾ മലയാള നാടകങ്ങളുടെ പട്ടികയിലും അഞ്ചാമത്തെ നാടകം പ്രത്യേക വിഭാഗമെന്ന പട്ടികയിലുമാണ് ഇടം പിടിച്ചിട്ടുള്ളത്. സമകാലിക ലോകം നേരിടുന്ന പ്രതിസന്ധികളെ വരച്ചിടുകയാണ് ഈ മികച്ച നാടകങ്ങളിലൂടെ. ‘അവാർഡ്’ എന്നത് ഒരു ആക്ഷേപഹാസ്യ നാടകമാണ്. തങ്ങളുടെ വിപണന ആവശ്യങ്ങൾക്കായി സത്യത്തെ വളച്ചൊടിക്കാൻ ശ്രമിച്ച് യഥാർഥ്യവും സത്യവും കെട്ടിച്ചമച്ച സത്യവും കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന ഈ കാലഘട്ടത്തിൽ, ഒരു യാഥാർത്ഥ്യത്തെ കെട്ടിച്ചമച്ചതിലേക്ക് കൈമാറാനാണ് നാടകം ശ്രമിക്കുന്നത്. എന്നാൽ പാവകളിയുടെ തിയറ്റർ സാദ്ധ്യതകൾ ഉപയോഗിച്ച് കൊണ്ട് പാവകളിയും ആട്ടവും പാട്ടും പാചകവും അഭിനയവും ഒക്കെ ചേർന്ന രസക്കൂട്ടാണ് ‘പാപ്പിസോറ’യിൽ ഒരുക്കിയിട്ടുള്ളത്.

ലിംഗ സ്വത്വത്തിൻ്റെ സാമൂഹിക സ്വീകരണത്തെ സൂക്ഷ്മമായി പരിശോധിക്കുന്ന നാടകമാണ് ‘കോർണർ’. ട്രാൻസ്‌ജെൻഡർ വ്യക്തിയുടെ അനുഭവങ്ങളിലൂടെയും സങ്കീർണതകളിലൂടെയും അനുവാചകരെ ഇത് കടത്തി വിടുന്നു. അധികാര മോഹികളായ കഥാപാത്രങ്ങളെയും ജനാധിപത്യത്തെ തകർത്ത് അധികാരം നേടാനുള്ള അവരുടെ അത്യാഗ്രഹത്തെയും കുറിച്ചാണ് ‘ഉബു റോയി’ എന്ന നാടകം സംവദിക്കുന്നത്. ഫാസിസത്തിനെതിരായ ചെറുത്തുനിൽപ്പുകൾക്കൊപ്പം ജനാധിപത്യം തിരികെ നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷ കൂടിയാണ് നാടകം നൽകുന്ന ആശയം.

ലക്ഷദ്വീപ് ദ്വീപുകളിലെ പാരമ്പര്യങ്ങളിൽ നിന്നുള്ള കെട്ടുകഥകളും മിത്തും നിറഞ്ഞ ഒരു പുരാതന നാടോടി കഥാഗാനത്തിൻ്റെ നാടകീയ പുനർരൂപകൽപ്പനയാണ് ‘ഞാനും പോട്ടെ ബാപ്പാ ഒൽമരം കാണുവാൻ’ എന്ന നാടകം. ഇത്തരത്തിൽ അഞ്ച് മലയാള നാടകങ്ങളും വ്യത്യസ്തങ്ങളായ അഞ്ച് പ്രമേയ പരിസരങ്ങളെ ആസ്വാദകർക്ക് സമ്മാനിക്കും. മലയാള നാടകങ്ങൾക്ക് പുറമെ എട്ട് വിദേശ നാടകങ്ങളും പത്ത് ഇന്ത്യൻ നാടകങ്ങളും മേളയിൽ അരങ്ങേറും.

Leave a Comment