കലാമണ്ഡലം കൃഷ്‌ണൻകുട്ടി പൊതുവാൾ അനുസ്മ‌രണം മാർച്ച് 10ന്

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്‌മാരക കഥകളി ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷപരമ്പരയായ “സുവർണ്ണ”ത്തിന്റെ ഭാഗമായി മാർച്ച് 10ന് തൗര്യത്രിക കലയായ കഥകളിയിലെ ഇതിഹാസപുരുഷനും ബഹുമുഖപ്രതിഭയുമായ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്ദിയാഘോഷം 10ന് വൈകീട്ട് 4 മണിക്ക് ശാന്തിനികേതൻ പബ്ലിക് സ്കൂളിലാണ് “കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ അനുസ്മരണം” സംഘടിപ്പിക്കുന്നത്. “പൊതുവാളിൻ്റെ കലാമണ്ഡലകാലം” എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത കലാനിരൂപകൻ വി കലാധരനും തുടർന്ന് “പൊതുവാളാശാൻറെ കഥകളി ദർശനം രചനകളിയിലൂടെ” എന്ന വിഷത്തെ അടിസ്ഥാനമാക്കി ഡോ എൻ പി വിജയകൃഷ്ണനും പ്രഭാഷണം നടത്തും.

വൈകീട്ട് 5ന് “പൊതുവാളാശാന്റെ കളരിയും അരങ്ങും” എന്ന വിഷയത്തെക്കുറിച്ച് കലാമണ്ഡലം വേണുമോഹൻ്റെ മേളസഹായത്തോടെ കഥകളി നിരൂപകനും കലാമണ്ഡലം പ്രവർത്തകസമിതി അംഗവും ഡീനുമായ കെ ബി രാജ് ആനന്ദ് സോദാരണപ്രഭാഷണം നടത്തും. തുടർന്ന് 6 മണിക്ക് പ്രമുഖ കലാകാരന്മാരെ ഉൾപ്പെടുത്തി കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച “ഭീഷ്‌മപ്രതിജ്ഞ” കഥകളിയും അരങ്ങേറും. കലാമണ്ഡലം പ്രദീപ് കുമാർ ശന്തനുവായും, വെള്ളിനേഴി ഹരിദാസൻ സത്യവതിയായും, കലാമണ്ഡലം നീരജ് ദാശരാജനായും, കലാമണ്ഡലം ആദിത്യൻ ഗംഗാദത്തനായും വേഷമിടും. പാലനാട് ദിവാകരൻ, പനയൂർ നാരായണൻ എന്നിവർ പാട്ടിലും, കലാമണ്ഡലം നന്ദകുമാർ ചെണ്ടയിലും, കലാമണ്ഡലം വേണു മദ്ദളത്തിലും പശ്ചാത്തലമേളമൊരുക്കും. കലാമണ്ഡലം ശ്രീജിത്ത് ചുട്ടി കുത്തും. ഇരിങ്ങാലക്കുട ശ്രീപാർവ്വതി കലാകേന്ദ്രം ചമയമൊരുക്കുമ്പോൾ നെടുമുടി മധുസൂദനപ്പണിക്കരും സംഘവും അണിയറ സഹായികളാകും.

Related News

Related News

Leave a Comment