അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക്ക് 2024ന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

Written by Taniniram1

Published on:

തൃശൂർ : ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക്ക് 2024ന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ലോക നാടകങ്ങൾ, ഇന്ത്യൻ നാടകങ്ങൾ, തിയറ്റർ വർക്ക്ഷോപ്പുകൾ, പാനൽ ചർച്ചകൾ, പൊതു പ്രഭാഷണങ്ങൾ, സംഗീത പരിപാടികൾ, ആർട്ടിസ്റ്റുകളുമായുള്ള സംവാദ സദസ്സ് തുടങ്ങി വിപുലമായാണ് ഇറ്റ്‌ഫോക്ക് 2024 ഒരുങ്ങുന്നത്. 47 ഷോകളിലായി ദേശീയ-അന്തർദേശീയ തലത്തിലുള്ള 23 നാടകങ്ങൾ നാടക ആസ്വാദകർക്കായി തയ്യാറെടുക്കുന്നു.

പ്രശസ്ത നാടക അദ്ധ്യാപകനും നാടക യൂണിവേഴ്‌സിറ്റികളിലെ വിസിറ്റിങ്ങ് ഫാക്കൽറ്റിയുമായ പ്രൊഫ. അനന്തകൃഷ്ണനാണ് ഇറ്റ്‌ഫോക്ക് 2024ന്റെ ഫെസ്റ്റിവൽ ഡയറക്ടർ. കലയിലൂടെ മാനവികതയെ മുറുകെ പിടിക്കാൻ കഴിയുന്ന, യുദ്ധങ്ങളും കെടുതികളുമില്ലാതെ ഒത്തൊരുമയോടെയുള്ള മനുഷ്യരും ലോകവും എന്ന ശുഭപ്രതീക്ഷ പങ്കുവെക്കുന്ന “ഒരുമ, സമാധാനം, ദൃഢവിശ്വാസം” എന്നതാണ് ഇത്തവണത്തെ ഇറ്റ്‌ഫോക്ക് സന്ദേശം.

ലോകനാടകവേദിയെ മലയാളികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള സംഗീത നാടക അക്കാദമി ഇറ്റ്ഫോക്ക് സംഘടിപ്പിക്കുന്നത്. നാടക പ്രേമികൾക്കും പൊതു ജനങ്ങൾക്കും   വിദ്യാർത്ഥികൾക്കുമായി സമർപ്പിക്കുന്ന നാടകോത്സവത്തിന്റെ ഓൺലൈൻ ടിക്കറ്റ് https://theatrefestivalkerala.com/ എന്ന വെബ്സൈറ്റ് മുഖാന്തരം മുൻകൂട്ടി ബുക്ക് ചെയ്യാം.

Leave a Comment