Wednesday, April 2, 2025

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; IFFK 2024

Must read

- Advertisement -

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 29-ാം പതിപ്പിന് ഇന്ന് തുടക്കം . വൈകിട്ട് ആറു മണിയ്ക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ഷബാന ആസ്മിയാണ് മുഖ്യാതിഥി.

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കും. അഭിനയരംഗത്ത് 50 വർഷം തികയ്ക്കുന്ന വേളയിലാണ് ഷബാന ആസ്മിക്ക് ഐ.എഫ്.എഫ്.എഫ്.കെയുടെ ആദരം.

ഉദ്ഘാടന വേദിയിൽ വച്ച്, ഹോങ്കോങ്ങിൽനിന്നുള്ള സംവിധായിക ആൻ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കും. 10 ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.

ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനം ചെയ്ത പോർച്ചുഗീസ് ഭാഷയിലുള്ള ‘ഐ ആം സ്റ്റിൽ ഹിയർ’ മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് ഈ ചിത്രം. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടിയും അരങ്ങേറും.

മേളയുടെ പ്രത്യേകതകൾ

ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ 63 സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മേളകളിൽ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവൽ ഫേവറൈറ്റ്സ് മറ്റൊരു ആകർഷണമായിരിക്കും. അർമേനിയൻ സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ദക്ഷിണ കൊറിയൻ സംവിധായകൻ ഹോങ് സാങ് സൂ, സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ നടി ഷബാന ആസ്മി, ഛായാഗ്രാഹകൻ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്പെക്റ്റീവ്, ‘ദ ഫീമേൽ ഗെയ്സ്’ എന്ന പേരിൽ വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, ലാറ്റിനമേരിക്കൻ സിനിമകളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ്, മിഡ്നൈറ്റ് സിനിമ, ആനിമേഷൻ ചിത്രങ്ങൾ, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങൾ ഉൾപ്പെടെയുള്ള റീസ്റ്റോർഡ് ക്ലാസിക്സ് എന്നിവ മേളയുടെ പ്രത്യേകതകളാണ്. പി. ഭാസ്‌കരൻ, പാറപ്പുറത്ത്, തോപ്പിൽഭാസി എന്നീ പ്രതിഭകളുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ‘ലിറ്റററി ട്രിബ്യൂട്ട്’ വിഭാഗത്തിൽ മൂന്നു ചിത്രങ്ങളും പ്രദർശിപ്പിക്കും.

13000ൽപ്പരം ഡെലിഗേറ്റുകൾ പങ്കെടുക്കുന്ന ഐ എഫ് എഫ് കെയുടെ 29-ാം പതിപ്പിൽ നൂറോളം ചലച്ചിത്ര പ്രവർത്തകർ അതിഥികളായെത്തും. പ്രദർശനം നടക്കുന്ന തിയേറ്ററുകളിൽ ആകെ സീറ്റിന്റെ 70 ശതമാനം റിസർവേഷൻ ചെയ്തവർക്കും 30 ശതമാനം റിസർവേഷൻ ഇല്ലാതെയുമാണ് പ്രവേശനം. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിയുള്ളവർക്കും ക്യൂ നിൽക്കാതെ പ്രവേശനം അനുവദിക്കും.

See also  നടി മാലാ പാർവതിയുടെ പുതിയ ചിത്രങ്ങൾ…

ഡെലിഗേറ്റുകൾക്കായി കെ.എസ്.ആർ.ടി.സിയുടെ രണ്ട് ഇലക്ട്രിക് ബസുകൾ പ്രദർശന വേദികളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക സൗജന്യ സർവീസ് നടത്തും. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, ഇൻ കോൺവർസേഷൻ, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരക പ്രഭാഷണം, പാനൽ ചർച്ചകൾ എന്നിവയും നടക്കും.

ഇന്ത്യൻ സംവിധായിക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ഡിസംബർ 20ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article