സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന കങ്കുവയിലൂടെ ബോബി ഡിയോൾ തമിഴിലേക്ക് . ചിത്രത്തിലെ മുഖ്യവില്ലനാണ് ബോബിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. . ഈ മാസം തന്നെ ബോബി ഡിയോളിന്റെ ഭാഗങ്ങൾ ചിത്രീകരിക്കുമെന്നാണ് സൂചന.
ബോളിവുഡ് താരങ്ങൾ തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കുന്നത് അടുത്തിടെ പതിവുകാഴ്ചയാണ്. അമിതാഭ് ബച്ചനും സൽമാൻ ഖാനും സഞ്ജയ് ദത്തുമെല്ലാം തെലുങ്കിലും തമിഴിലും സാന്നിധ്യമറിയിച്ചുകഴിഞ്ഞു. അക്കൂട്ടത്തിലേക്കുള്ള പുതിയ താരമാണ് ബോബി ഡിയോൾ.
നേരത്തേ പവൻ കല്യാൺ ചിത്രമായ ഹരിഹര വീര മല്ലുവിൽ ബോബി ഡിയോൾ വില്ലനായെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും പിന്നീടിതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അറിവായിരുന്നില്ല. പിന്നീടാണ് കങ്കുവാ ടീം ബോബിയെ ബന്ധപ്പെടുന്നതും അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിക്കുന്നതും. കഥ കേട്ടയുടൻ താരം സമ്മതം മൂളുകയായിരുന്നെന്ന് അടുത്തവൃത്തങ്ങൾ പ്രതികരിച്ചു. സൂര്യയെ വളരെ ഇഷ്ടമുള്ളയാളുമാണ് ബോബി ഡിയോളെന്നും അവർ പറഞ്ഞു.
നിലവിൽ സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന അനിമൽ എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലാണ് ബോബി ഡിയോൾ. രൺബീർ കപൂറും രശ്മിക മന്ദാനയും നായകനും നായികയുമായെത്തുന്ന ചിത്രത്തിൽ വില്ലനാണ് ബോബി ഡിയോൾ.
സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണ് കങ്കുവ. പീരിയോഡിക് ത്രീഡി ചിത്രമായാണ് കങ്കുവാ എത്തുക. പത്ത് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. സൂര്യയുടെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയാണ് ഗ്ലിംസിലുള്ളത്. കങ്കുവാ എന്ന ഗോത്രസമൂഹത്തേക്കുറിച്ചുള്ള കഥയാണ് ചിത്രമെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്.
ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിർവഹിക്കുന്നു. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കി സംഭാഷണമെഴുതുന്നു. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2024-ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.