ചെന്നൈ: നടൻ രജനികാന്ത് ഒരു സംഘിയല്ലെന്ന് അദ്ദേഹത്തിൻ്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത്. സോഷ്യൽ മീഡിയകളിൽ രജനികാന്തിനെ ‘സംഘി’ എന്ന് മുദ്രകുത്തുന്നതിനെതിരെയും അധിക്ഷേപിക്കുന്നതിനെതിരെയും പ്രതികരിക്കുകയായിരുന്നു സംവിധായക. ‘ലാൽസലാം’ എന്ന ചിത്രത്തിൻ്റെ ചെന്നൈയിൽ നടന്ന ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അവർ. മകളുടെ പ്രസംഗത്തിനിടെ രജനികാന്ത് കണ്ണീരണിഞ്ഞതും ആരാധകർക്ക് അപൂർവകാഴ്ചയായിരുന്നു.
‘സോഷ്യൽ മീഡിയകളിൽ നിന്ന് മാറിനിൽക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. എന്നാൽ ചുറ്റും എന്താണ് നടക്കുന്നതെന്ന് എന്റെ ടീം അറിയിക്കാറുണ്ട്. ചില പോസ്റ്റുകളും അവർ കാണിച്ചുതരും. അതെല്ലാം കാണുമ്പോൾ എനിക്ക് ദേഷ്യമാണ് വരുന്നത്. ഞങ്ങളും മനുഷ്യരാണ്.
ഈയടുത്തായി ഒരുപാട് ആളുകൾ എന്റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നുണ്ട്, അത് എന്നെ വേദനിപ്പിക്കുന്നു. അതിന്റെ അർഥം
എന്താണെന്ന് എനിക്കറിയില്ല. സംഘിയുടെ അർഥം എന്താണെന്ന് ചിലരോട് ചോദിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുകയെന്ന് അവർ പറഞ്ഞു. ഞാൻ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കിൽ അദ്ദേഹം “ലാൽസലാം” പോലൊരു ചിത്രം ചെയ്യില്ലായിരുന്നു. ഒരുപാട് മനുഷ്യത്വമുള്ളയാൾക്കേ ഈ ചിത്രം ചെയ്യാനാകൂ’, ഐശ്വര്യ രജനികാന്ത് പറഞ്ഞു.
ഐശ്വര്യ രജനികാന്ത് സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ലാൽ സലാം’. വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തിൽ രജനികാന്ത് അതിഥിവേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്.
വിഷ്ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കിയ ചിത്രത്തിൽ ‘മൊയ്ദീൻ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.