ഒരുപാട് കാലത്തെ അഭ്യഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ട് നടന്‍ വിജയ് (Actor Vijay) ഔദ്യോഗികമായി രാഷ്ട്രീയത്തിലേക്ക്. തമിഴക വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി അദ്ദേഹം പ്രഖ്യാപിച്ചു. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറേ കാലമായി ഉള്ളതാണ്. എന്നാല്‍ ഉടന്‍ തന്നെ താരം രാഷ്ട്രീയത്തിലേക്ക് പ്രവേശനം ഉണ്ടാകുമെന്ന് അടുത്തിടെ വാര്‍ത്തകളും ഉണ്ടായിരുന്നു. ആ വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്ന വിധം വിജയ് തന്നെ ഔദ്യോഗികമായി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരിക്കുകയാണ്. 49-ാം വയസിലാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം.
തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം ഒരു ഹോബിയല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഒരു സജീവ രാഷ്ട്രീയപ്രവര്‍ത്തകനായിരിക്കുമെന്നും വ്യക്തമാക്കി. അതേസമയം 2026 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലായിരിക്കും വിജയുടെ പാര്‍ട്ടി മത്സരിക്കുക. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. അതുകൊണ്ട് തന്നെ ആരെയും പിന്തുണക്കില്ലെന്നും വ്യക്തമാക്കി.
ജനുവരി 26 ന് തന്റെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി യോഗത്തിലാണ് വിജയ് തന്റെ നിലപാട് വ്യക്തമാക്കിയത്. വിജയ് മക്കള്‍ ഇയക്കത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ ബുസി ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ദില്ലിയിലെത്തുകയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ആദ്യ യോഗം ശനിയാഴ്ച നടക്കും.