കൊച്ചി: സംവിധായകൻ ആഷിക് അബു ഫെഫ്കയിൽ നിന്ന് രാജിവെച്ചു. ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്ക ഭാരവാഹികൾ മൗനം പാലിക്കുന്നതിനെതിരെ നേരത്തെ ആഷിക് അബു പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആഷിക് അബുവിന്റെ രാജി. നേതൃത്വത്തോടുള്ള പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചാണ് ആഷിക് അബു ഫെഫ്കയിൽ നിന്ന് പടിയിറങ്ങുന്നത്.
ഫെഫ്കയുടെ നിലപാടിൽ കടുത്ത അതൃപ്തിയുണ്ടെന്നും തൊഴിലാളി പ്രശ്‌നങ്ങളിൽ ഇടപെടുന്നതിന് കമ്മിഷൻ വാങ്ങിയെന്നും ആഷിക് അബു രാജി കത്തിൽ ആരോപിക്കുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പിന്നെ ഈ സംഘടനയുടെ കുറ്റകരമായ മൗനം, പിന്നീട് പത്രകുറിപ്പെന്ന പേരിൽ പുറത്തിറങ്ങിയ വാചക കസറുത്തകൾ എന്നിവ തന്നെ നിരാശപ്പെടുത്തിയെന്നും കത്തിൽ ആരോപിക്കുന്നു. നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും താൻ ഫെഫ്ക പ്രാഥമിക അംഗത്വം രാജിവെക്കുന്നുവെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.