ഐശ്വര്യ റായിയെ പോലെ തന്നെ പ്രശസ്തയാണ് മകൾ ആരാധ്യയും. മകൾ എന്നതിനേക്കാൾ ഒരു കൂട്ടുകാരിയെ പോലെയാണ് ഐശ്വര്യ റായ് ബച്ചൻ ആരാധ്യ ബച്ചനെ ഒപ്പം കൂട്ടുന്നത്. ഇരുവരും ഒന്നിച്ചെത്തുന്ന വേദികൾ ആരാധകർക്കും ഏറെ പ്രിയമാണ്. സെപ്റ്റംബർ 15ന് ദുബായിലെ യാസ് ഐലൻഡിൽ നടന്ന സൈമ അവാർഡ്സിൽ (സൗത്ത് ഇന്ത്യൻ ഇൻ്റർനാഷണൽ മൂവി അവാർഡ്‌സ്) പങ്കെടുക്കാൻ ഐശ്വര്യ എത്തിയതും ആരാധ്യയ്ക്ക് ഒപ്പമാണ്.
മികച്ച നടിയായി (ക്രിട്ടിക്സ്) ഐശ്വര്യ തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ മണിരത്നത്തിൻ്റെ പൊന്നിയിൻ സെൽവൻ: ഭാഗം 2 എന്ന ചിത്രത്തിലെ പ്രകടനമാണ് ഐശ്വര്യയെ അവാർഡിന് അർഹയാക്കിയത്. സംവിധായകൻ കബീർ ഖാനിൽ നിന്നാണ് ഐശ്വര്യ അവാർഡ് ഏറ്റുവാങ്ങിയത്.
അമ്മ അവാർഡ് ഏറ്റുവാങ്ങുന്ന നിമിഷം ഫോണിൽ പകർത്തുന്ന ആരാധ്യയും ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നു. ചിയാൻ വിക്രമിൻ്റെ അടുത്തായിരുന്നു ഐശ്വര്യയുടെയും ആരാധ്യയുടെയും ഇരിപ്പിടങ്ങൾ. ഇരുവരും ചിയാൻ വിക്രമുമായി സൗഹൃദം പങ്കിട്ടു. പൊന്നിയിൻ സെൽവൻ 2 ൽ വിക്രമിന്റെ ജോഡിയായി എത്തിയത് ഐശ്വര്യയായിരുന്നു.
പൊന്നിയിൻ സെൽവനിൽ നന്ദിനി, മന്ദാകിനി ദേവി എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരിലുള്ള ജനപ്രിയ തമിഴ് സാഹിത്യ നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്നം ചിത്രം നിർമ്മിച്ചിരിക്കുന്നത്.