പത്രവായന പ്രോത്സാഹിപ്പിക്കാൻ ഗ്രേസ്മാർക്ക് ഉൾപ്പെടെ പരിഗണനയിൽ

Written by Taniniram1

Published on:

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന് പൊതുപരീക്ഷകളിൽ ഗ്രേസ്‌മാർക്ക് നൽകുന്നതുൾപ്പെടെയുള്ള പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുമെന്നും സ്‌കൂൾ തലത്തിൽ വായനോത്സവം സംഘടിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്നും പത്രമാധ്യമങ്ങളിലെ എഡിറ്റോറിയൽ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മന്ത്രി വി.ശിവൻകുട്ടി വ്യക്ത‌മാക്കി. വായന പ്രോത്സാഹിപ്പിക്കുന്നതിനു അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് ഉറപ്പാക്കുന്ന നിർദേശങ്ങൾ അവർക്കായി പുറത്തിറക്കുന്ന കൈപ്പുസ്‌തകങ്ങളിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. പൊതുപരീക്ഷകളിൽ കുട്ടികൾക്ക് തുടർ മൂല്യ നിർണയത്തിനു നൽകുന്ന മാർക്കിൽ ഒരു പങ്ക് പത്ര-പുസ്‌തക വായനയിലെ മികവ് പരിഗണിച്ചു നൽകുമെന്നു മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് വായന
പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കാൻ പത്രപ്രതിനിധികളുടെ യോഗം വിളിച്ചത്. കുട്ടികൾ ദിവസവും പത്രം വായിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, ഇതിനായി പ്രത്യേകം പീരിയഡ് അനുവദിക്കൽ, പത്രങ്ങളിലെ പ്രധാന വാർത്തകൾ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ, കുറിപ്പുകൾ തയാറാക്കൽ തുടങ്ങിയ നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു. ചർച്ചകളുടെ കരട് ഒരാഴ്‌ചയ്ക്കകം തയാറാക്കാൻ എസ്‌സിഇആർടി ഡയറക്‌ടർ ഡോ. ആർ.കെ.ജയപ്രകാശിനെ മന്ത്രി ചുമതലപ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ്. ഷാനവാസും യോഗത്തിൽ പങ്കെടുത്തു.

See also  മാപ്രാണം സ്വദേശിനി പി ആർ ഷഹനയ്ക്ക് മലയാള സാഹിത്യത്തിൽ ഡോക്റേറ്റ്

Leave a Comment