Thursday, April 3, 2025

റയില്‍വേ വികസനം; കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കണം

Must read

- Advertisement -

കേരളത്തിന്റെ റയില്‍വേ (Railway) വികസനവുമായി ബന്ധപ്പെട്ട് കേരളത്തിലെ എം.പിമാരുമായി ദക്ഷിണ റയില്‍വേ (Southern Railway) ജനറല്‍ മാനേജര്‍ തിരുവനന്തപുരത്തും പാലക്കാട്ടുമായി കൂടിക്കാഴ്ച നടത്തുകയാണ്. കേരളത്തിലെ റയില്‍വേ വികസനവുമായി നമ്മുടെ എം.പിമാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍ എന്തിനൊക്കെ അധികൃതര്‍ അനുഭാവപൂര്‍വ്വം പ്രതികരിക്കുമെന്ന് നോക്കിയിരിക്കുകയാണ് കേരളം.

പദ്ധതികളുടെ പ്രാധാന്യത്തെ അടിസ്ഥാനമാക്കി ആവശ്യങ്ങളില്‍ വ്യക്തമായ മുന്‍ഗണനാക്രമം എം.പിമാര്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായകമാവേണ്ട പുതിയ റയില്‍ പാതകളും സമ്പൂര്‍ണ്ണ പാത ഇരട്ടിപ്പിക്കലും ആവശ്യങ്ങളുടെ മുന്നില്‍ത്തന്നെയുണ്ടാകണം. സംസ്ഥാനത്ത് പൂര്‍ണ്ണമായും ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം എത്രയും വേഗം ഏര്‍പ്പെടുത്തുകയും വേണം.

തിരുവനന്തപുരം – മംഗലൂരൂ റൂട്ട് നാലു വരിയാക്കല്‍, തുറവൂര്‍ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്‍, അങ്കമാലി – എരുമേലി ശബരി പാതയുടെയും ഗുരുവായൂര്‍ – തിരുനാവായ പാതയുടെയും നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ക്ക് അനുമതി നേടാനാണ് എം.പിമാര്‍ ആദ്യം മുന്നിട്ടിറങ്ങേണ്ടത്. തിരുവനന്തപുരത്തുനിന്നും കൂടുതല്‍ ട്രെയിനുകള്‍ സര്‍വ്വീസ് ആരംഭിക്കാന്‍ നേമം ടെര്‍മിനലിന്റെ ഒന്നാം ഘട്ടം അനുമതിയായെങ്കിലും രണ്ടാം ഘട്ടം കൂടി വരേണ്ടതുണ്ട്. കൊച്ചുവേളി മാസ്റ്റര്‍ പ്ലാനിലെ പണികളും പൂര്‍ത്തികരിക്കേണ്ടതുണ്ട്.

രാജ്യത്തിന്റെ എല്ലാഭാഗത്തുമുള്ള അയ്യപ്പഭക്തര്‍ക്ക് ശബരിമലയില്‍ എത്തിച്ചേരാനും നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുമെന്നതിനാല്‍ ശബരിപാത സംസ്ഥാനത്തിന്റെ അടിയന്തിരാവശ്യമാണ്. കേരളത്തിന്റെ മലയോര ജില്ലകളിലൂടെ കടന്നുപോകുന്ന അങ്കമാലി – എരുമേലി പദ്ധതിക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത അധികൃതരെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. ശബരിപാതക്കായി ഇനിയുള്ള കടമ്പകള്‍ കടന്ന് സമയബന്ധിതമായി മുന്നോട്ട് നീങ്ങാന്‍ എല്ലാവരും കൈകോര്‍ത്തേ തീരൂ.

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തുതന്നെ മുന്‍നിരയിലുള്ള സംസ്ഥാനമാണ് കേരളം. കാസര്‍കോടിനും തിരുവനന്തപുരത്തിനുമിടയില്‍ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം രണ്ടായിട്ടും സീറ്റ് കിട്ടണമെങ്കില്‍ ദിവസങ്ങള്‍ക്ക് മുന്‍പേ ശ്രമിക്കേണ്ട സാഹചര്യമാണ്. ഇത്രയും കാലം കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ തീരട്ടെ എന്നായിരുന്നു റയില്‍വേ നിലപാട്. അതുകഴിഞ്ഞപ്പോള്‍ പ്ലാറ്റ് ഫോമില്ലെന്നായി. എന്നാല്‍ കൊച്ചുവേളിയില്‍ ആറും കോട്ടയത്ത് അഞ്ചും പ്ലാറ്റ്‌ഫോമുകള്‍ വന്നിട്ടും വേണ്ടവിധം പ്രയോജനപ്പെടുന്നില്ല.

അവഗണനയുടെ അനുഭവ പാഠങ്ങള്‍ മുന്നില്‍ വച്ച് റയില്‍വേ പദ്ധതികള്‍ നിരീക്ഷിക്കാനും യഥാസമയം കൃത്യമായി ഇടപെടാനും കേരളം ഇനിയെങ്കിലും സ്ഥിരം സംവിധാനം ഉണ്ടാകേണ്ടതുണ്ട്. പ്രാദേശകിമായ ചെറിയ ആവശ്യങ്ങള്‍ക്കപ്പുറത്ത് കേരളത്തിന്റെ സമഗ്ര റയില്‍വേ വികസനത്തിന് വേണ്ടിയാവണം നമ്മുടെ എം.പിമാര്‍ നിലകൊള്ളേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്.

See also  പട്ടികജാതിക്കാരോട് വേണോ ഈ അനീതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article