ഡ്രൈവിംഗ് ടെസ്റ്റ്; മന്ത്രി ഇടപെട്ട് പ്രഹസനമാക്കി

Written by Web Desk2

Published on:

ജനവിരുദ്ധമായ തീരുമാനമെടുത്ത് അത് എത്രപേര്‍ക്ക് ബുദ്ധിമുട്ടാവും എന്നു പോലും ചിന്തിക്കാതെ ഉടന്‍ നടപ്പില്‍ വരുത്തിയതാണ് ഡ്രൈവിംഗ് ടെസ്റ്റില്‍ സംഭവിച്ചത്. ജനകീയ പ്രതിഷേധം അണപൊട്ടിയപ്പോള്‍ ഗത്യന്തരമില്ലാതെ പിന്‍വലിക്കേണ്ടി വന്നത് പ്രഹസനമായി മാറി. ആര്‍.ടി ഓഫീസുകളിലും സബ് ഓഫീസുകളിലും ദിവസം 50 ഡ്രൈവിംഗ് ടെസ്റ്റ് മതിയെന്ന മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ (K B Ganesh Kumar) കര്‍ശന നിര്‍ദ്ദേശം ആദ്യ ദിവസം തന്നെ പാളിപ്പോയി.

മെയ് ഒന്നു മുതല്‍ നടപ്പാക്കുമെന്നറിയിച്ച ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കാരമാണ് കഴിഞ്ഞ ദിവസം മുതല്‍ നടപ്പാക്കാന്‍ മന്ത്രി തീരുമാനിച്ചത്. സംസ്ഥാനത്ത് 80 കേന്ദ്രങ്ങളിലാണ് ആഴ്ചയില്‍ നാലു ദിവസം ടെസ്റ്റ് നടത്തുന്നത്. എന്നാല്‍ പരിഷ്‌ക്കാരം സംബന്ധിച്ച അടിയന്തിര നിര്‍ദ്ദേശം ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവര്‍ക്കെല്ലാം ദുരിതമായി മാറുകയായിരുന്നു. 180 പേര്‍ക്കും 120 പേര്‍ക്കും ദിവസവും ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങളിലാണ് 50 പേരിലേക്ക് അപ്രതീക്ഷിതമായി പരിമിതപ്പെടുത്തിയത്.

പുതിയ തീരുമാനം നേരത്തേ അറിഞ്ഞവര്‍ ആദ്യത്തെ 50 പേരില്‍ ഉള്‍പ്പെടുന്നതിനായി പുലര്‍ച്ചെ തന്നെ ഗ്രൗണ്ടില്‍ എത്തിയിരുന്നു. നിര്‍ദ്ദേശം പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങിയതോടെ മിക്ക കേന്ദ്രങ്ങളിലും പ്രതിഷേധം രൂക്ഷമായി. ചില കേന്ദ്രങ്ങളില്‍ ക്യൂ നിന്ന 180 പേരോട് 50 പേര്‍ക്കു മാത്രമാണ് ടെസ്റ്റിന് അവസരമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നതുതന്നെ രാവിലെ എട്ടോടെയാണ്. ടെസ്റ്റിംഗ് കേന്ദ്രങ്ങളിലെത്തി കാത്തു നിന്നു വലഞ്ഞ ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് രാവിലെ തന്നെ മന്ത്രിക്ക് തീരുമാനം പിന്‍വലിക്കേണ്ടി വന്നു.

ബുധനാഴ്ച്ച ആര്‍.ടി.ഒമാരുടെയും ജോയിന്റ് ആര്‍.ടി.ഒമാരുടെയും യോഗം വിളിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇതു മൂലം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അവധിയെടുത്തുവന്നവരെയടക്കം വട്ടം കറക്കി. പുലര്‍ച്ചെ വന്നു കാത്തുനില്‍ക്കുന്നവരില്‍ നിന്ന് 50 പേരെ ഏതു മാനദണ്ഡത്തില്‍ തിരഞ്ഞെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിശ്ചയമില്ലായിരുന്നു.

ഇത്രയും ദുരിതത്തിനുശേഷം കഴിഞ്ഞ ദിവസം സമയം അനുവദിച്ചവര്‍ക്കെല്ലാം ടെസ്റ്റ് നടത്താനും നിലവിലെ രീതിയില്‍ തന്നെ തുടരാനും തീരുമാനമെടുത്തു. എന്തിനായിരുന്നു ഇങ്ങനെയൊരു അപ്രായിക തീരുമാനം എന്ന ചോദ്യം ബാക്കിയാവുന്നു.
വര്‍ഷങ്ങളായി തുടരുന്ന ഡ്രൈവിംഗ് ടെസ്റ്റ് ഘടനയില്‍ വേണ്ടത്ര പഠിക്കാതെയും കാര്യഗൗരവമില്ലാതെയും പൊടുന്നനെ പരിഷ്‌ക്കാരം നടത്താന്‍ മുതിര്‍ന്നതാണ് ഈ കഷ്ട സാഹചര്യമുണ്ടാക്കിയത്. ഒരു ഇടവേളക്കു ശേഷം വീണ്ടും മന്ത്രിസ്ഥാനത്ത് എത്തിയയുടന്‍ വീണ്ടു വിചാരമില്ലാതെ നടപ്പിലാക്കിയത് കൊണ്ടാണ് ഈ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചതും പുലിവാലു പിടിച്ചതും.

ഏതു പരിഷ്‌ക്കാരവും ജനവിരുദ്ധമാകാതെയും പ്രായോഗിക കാഴ്ചയോടെയും വേണമെന്ന അടിസ്ഥാന ബോധ്യം ഭരണാധികാരികള്‍ക്കുണ്ടാവണം. ഭരണാധികാരികള്‍ എടുത്തു ചാടി എന്തെങ്കിലും ചെയ്താല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ വളരെ വലുതായിരിക്കും എന്ന് ഓര്‍ക്കുന്നത് നന്ന്.

See also  ഗതാഗത മന്ത്രി അയഞ്ഞു, ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ ഭേദഗതി…

Leave a Comment