സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം : ശതകോടികളുടെ കേന്ദ്രഫണ്ട് നഷ്ടമായി

Written by Web Desk2

Published on:

സര്‍വകലാശാലകള്‍ക്കുള്ള കേന്ദ്ര പദ്ധതി പ്രകാരം ലഭിക്കുമായിരുന്ന ശതകോടികള്‍ സംസ്ഥാന സര്‍ക്കാര്‍ (Kerala Government) യഥാസമയം അപേക്ഷ നല്‍കാത്തതിനാല്‍ നഷ്ടമായി. വീണ്ടും റിപ്പോര്‍ട്ട് നല്‍കിയ കേരള സര്‍വ്വകലാശാലയുടെ അപേക്ഷയും സംസ്ഥാന സര്‍ക്കാര്‍ വച്ച് താമസിപ്പിച്ചു.

പ്രധാനമന്ത്രി ‘ഉച്ചതര്‍ ശിക്ഷാ അഭിയാന്‍’ (Uchchatar Shiksha Abhiyan) അനുസരിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തമാക്കാന്‍ സര്‍വകലാശാലകള്‍ക്ക് 100 കോടി മുതല്‍ 200 കോടി രൂപവരെ അനുവദിച്ചതില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭിച്ചില്ല.

കേരളവും, ബംഗാളും, തമിഴ്‌നാടും യഥാ സമയം അപേക്ഷിക്കാത്തത് കൊണ്ടാണ് പരിഗണിക്കാത്തതെന്നാണ് കേന്ദ്രം പറയുന്നത്. കേരള സര്‍വ്വകലാശാല (Kerala University) വിശദ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് നല്‍കിയെങ്കിലും അപേക്ഷയുടെ കാലാവധി കഴിയുന്നത് വരെ അപ്‌ലോഡ് ചെയ്തില്ല.

മുന്‍പ് യു.ജി.സി (UGC) ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള 750 കോടിയുടെ കേന്ദ്രസഹായവും സംസ്ഥാനം നഷ്ടപ്പെടുത്തി. പദ്ധതിയില്‍ 26 സംസ്ഥാനങ്ങള്‍ അപേക്ഷിച്ചു. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്കും ഈ പദ്ധതി അനുസരിച്ച് 100 കോടി രൂപ വരെ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

അടിസ്ഥാന സൗകര്യം, അക്കാദമിക് കാര്യങ്ങള്‍, ആധുനികവത്ക്കരണം, അദ്ധ്യാപക നിയമനം തുടങ്ങി സര്‍വ്വകലാശാലകളെ ശക്തമാക്കുന്നതിന് അനുവദിക്കുന്ന ഈ തുക ഗ്രാന്റാണ്.

ധന സഹായം ലഭിക്കുന്നതിന് കേരള സര്‍ക്കാര്‍ കേന്ദ്രവുമായി ധാരണാ പത്രം ഒപ്പ് വയ്ക്കണം. സര്‍വ്വകലാശാലകള്‍ അവരുടെ മികവും ചെയ്യാന്‍ പോകുന്ന കാര്യങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാര്‍ മുഖാന്തിരം കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിക്കണം. ഈ നടപടികളെല്ലാം കേരള സര്‍വ്വകലാശാല പൂര്‍ത്തിയാക്കിയിരുന്നു. യഥാസമയം അപേക്ഷിക്കണമെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും പല തവണ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. കേന്ദ്രത്തിന് അപേക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഇതിലൂടെ കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ശതകോടികളാണ് നഷ്ടമായത്.

എന്തിനും ഏതിനും കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുന്ന സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിച്ച അലംഭാവവും കെടുകാര്യസ്ഥതയും കഷ്ടമായിപ്പോയി. സര്‍വകലാശാലകളുടെ ഉന്നമനത്തിന് ലക്ഷ്യമിട്ട് നടപ്പാക്കേണ്ടിയിരുന്ന എല്ലാ പരിപാടികളും വെള്ളത്തിലായി. സാമ്പത്തിക പ്രതിസന്ധിയില്‍ നില്ക്കുന്ന കേരളത്തിന് കിട്ടിയ ഒരു നല്ല അവസരം പാഴായിപ്പോയി.

Leave a Comment