കുട്ടികളോട് ക്രൂരത : സാമൂഹിക സുരക്ഷാമിഷനെതിരെ നടപടി വേണം

Written by Web Desk2

Published on:

പ്രമേഹരോഗികളായ കുട്ടികള്‍ ചികിത്സക്കായി കാത്തിരിക്കുമ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ പൂഴ്ത്തിവച്ച് ചികിത്സ നിഷേധിച്ച സാമൂഹിക സുരക്ഷാ മിഷനെതിരെ (Kerala Social Security Mission) കര്‍ശന നടപടി സ്വീകരിക്കേണ്ടതാണ്.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ 18 വയസു വരെയുള്ള പ്രമേഹ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്ന മിഠായി പദ്ധതിക്ക് (Mittayi Project) 2023-24 ല്‍ സര്‍ക്കാര്‍ 3.80 കോടി രൂപ അനുവദിച്ചെങ്കിലും ചെലവഴിച്ചത് 1.98 കോടി രൂപ മാത്രം. സാമ്പത്തിക വര്‍ഷം അവസാനിക്കാറായെങ്കിലും സാമൂഹിക സുരക്ഷാ മിഷന്‍ തുക പിടിച്ചു വച്ചിരിക്കയാണ്. പുതിയ അപേക്ഷകരെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്നും ആക്ഷേപമുണ്ട്. പദ്ധതിയില്‍ അംഗമാകാന്‍ 700 ലേറെ കുട്ടികളാണ് രേഖകളുമായി കാത്തിരിക്കുന്നത്. പുതിയ അപേക്ഷകര്‍ വേറെയുമുണ്ട്.

ബ്ലഡ് ഷുഗര്‍ പൊടുന്നനെ ഉയരുകയും താഴുകയും ചെയ്യുന്ന (ബ്രിട്ടില്‍ ഡയബറ്റിക്) (Brittle Diabetes) കുട്ടികള്‍ക്ക് കൃത്യമായി മരുന്നു ലഭിക്കാന്‍ ശരീരത്തില്‍ ഇന്‍സുലിന്‍ പമ്പ് വയ്‌ക്കേണ്ടിവരും. മെഷീനു മാത്രം 6 ലക്ഷം രൂപ വേണം. ഈ തുക ഇതുവരെ അനുവദിച്ചത് 5 പേര്‍ക്ക്. അനുബന്ധ സാമഗ്രികള്‍ വാങ്ങാനുള്ള സാമ്പത്തിക സഹായം മുടങ്ങിയിട്ട് മൂന്നു മാസം കഴിഞ്ഞു. പമ്പ് നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്ത 22 പേര്‍ കാത്തുനില്‍പുണ്ട്. ഇവരുടെ രക്ഷിതാക്കള്‍ സഹായം തേടി കയറിയിറങ്ങുമ്പോഴാണ് ഫണ്ട് ചെലവഴിക്കാന്‍ തയ്യാറാകാത്തത്.

പദ്ധതി ആരംഭിച്ച 2017-ല്‍ രണ്ടു കോടി രൂപ അനുവദിച്ചെങ്കിലും 1.77 കോടിയാണ് ചെലവഴിച്ചത്. 2018-ല്‍ 3 കോടി രൂപ അനുവദിച്ചു. ചെലവഴിച്ചത് 26.50 ലക്ഷം മാത്രം. 2023 ഒക്ടോബര്‍ വരെ 2122 പേരെ പദ്ധതയില്‍ ഉള്‍പ്പെടുത്തിയതില്‍ 1469 പേര്‍ക്ക് മാത്രമാണ് സഹായം ലഭിച്ചത്. രേഖകള്‍ പരിശോധിച്ച് സഹായത്തിന് അംഗീകാരം നല്‍കേണ്ട സമിതി ഏഴു കൊല്ലത്തിനിടെ യോഗം ചേര്‍ന്നത് 14 തവണ മാത്രമാണെന്നതും പദ്ധതി വൈകിക്കുന്നതിന്റെ ഉദാഹരണമാണ്.

പാവപ്പെട്ട കുട്ടികള്‍ക്ക് ലഭിക്കേണ്ട ചികിത്സാ സഹായം നല്‍കാതെ പൂഴ്തി വയ്ക്കുന്നത് ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി എന്ന് മിഷന്റെ അധികൃതര്‍ വെളിപ്പെടുത്തേണ്ടതുണ്ട്. സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ ചെലവഴിക്കാതെ കുട്ടികളെ കുഴപ്പത്തിലാക്കുന്ന മിഷന്റെ ഭരണാധികാരികളെ പിടികൂടി അവര്‍ക്കെതിരെ കേസെടുത്ത് അര്‍ഹിക്കുന്ന ശിക്ഷ നല്‍കേണ്ടത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. സര്‍ക്കാര്‍ ഇത്തരം ഉദ്യോഗസ്ഥരെ പൊതുജന മദ്ധ്യത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. അല്ലെങ്കില്‍ മറ്റു സ്ഥാപനങ്ങളിലും ഇതാവര്‍ത്തിക്കപ്പെടും. നീചന്മാരായ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കേണ്ടതാണ്.

Leave a Comment