തിരുവനന്തപുരം (Thiruvananthapuram) : തൃശൂർ കേരള കാർഷിക സർവകലാശാല ഫോറസ്റ്ററി കോളജ് ഡീൻ ഡോ.ഇ.വി.അനൂപിനെ (56) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ 6.10നു തിരുവനന്തപുരം പേട്ടയിൽ വച്ച് ട്രെയിൻ തട്ടിയാണു മരണമെന്നു ബന്ധുക്കൾ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. 2021 മുതൽ വെള്ളാനിക്കരയിലെ ഫോറസ്റ്ററി കോളജ് ഡീനാണ്. ഫോറസ്റ്റ് പ്രൊഡക്ട് ആൻഡ് യൂട്ടിലൈസഷൻ ഡിപ്പാർട്മെന്റിന്റെ മേധാവിയുമാണ്. തിരുവനന്തപുരം ബേക്കറി ജംക്‌ഷൻ സ്വദേശിയായ അനൂപ്, പ്രശസ്ത സാഹിത്യകാരൻ ഇ.വാസുവിന്റെ മകനാണ്. ഭാര്യ: രേണുക. മക്കൾ: അഞ്ജന, അർജുൻ.
വുഡ് അനാട്ടമി, ടിംബർ ഐഡന്റിഫിക്കേഷൻ, വുഡ് ക്വാളിറ്റി ഇവാലുവേഷൻ, ഡെൻഡ്രോക്രോണോളജി എന്നീ മേഖലകളിൽ ദേശീയ തലത്തിൽ അറിയപ്പെടുന്ന വിദഗ്ധനാണ്. തെങ്ങിൻതടി വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിൽ വലിയ സംഭാവനകൾ നൽകി. വെള്ളാനിക്കര ഫോറസ്റ്ററി കോളജിൽനിന്ന് 1990ൽ ബിരുദവും 1993ൽ ബിരുദാനന്തര ബിരുദവും നേടിയ അനൂപ്, 1994ൽ സർവകലാശാല സർവീസിൽ പ്രവേശിച്ചു. 2005ൽ ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഡോക്ടറേറ്റ് കരസ്ഥമാക്കി.