പത്തനംതിട്ട: പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിനുള്ളിൽ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു . കായംകുളം സ്വദേശി നൗഫിലിനെയാണ് പത്തനംതിട്ട കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും പ്രതിക്ക് കോടതി വിധിച്ചു. ആറു വകുപ്പുകളിലായാണ് ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഏറെ സങ്കീര്‍ണമായ അന്വേഷണമാണ് കോവിഡ് കാലത്ത് നടന്നതെന്നും സമയബന്ധിതമായി കുറ്റപത്രം നൽകിയെന്നും കോടതി ഉത്തരവിനുശേഷം പത്തനംതിട്ട അഡീഷണൽ എസ്‍പി ആര്‍ ബിനു പറഞ്ഞു.
സെപ്തംബർ മാസം ഒന്‍പതിനാണ് കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത്. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിര്‍ത്തിയിട്ടായിരുന്നു ആക്രമണം.
സംഭവം കഴിഞ്ഞ് പെൺകുട്ടിയെ ചികിത്സാ കേന്ദ്രത്തിലെത്തിച്ച ശേഷം പ്രതി നൗഫൽ ആംബുലൻസുമായി കടന്നു കളഞ്ഞു. പെൺകുട്ടി രാത്രി തന്നെ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.