നിയന്ത്രണങ്ങളോടുകൂടി മഹാരാജാസ് കോളേജ് തുറക്കാൻ തീരുമാനം

Written by Taniniram1

Published on:

കൊച്ചി : നിയന്ത്രണങ്ങളോടുകൂടി മഹാരാജാസ് കോളേജ് തുറക്കാൻ തീരുമാനമായി. വിദ്യാർഥി സംഘർഷത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മഹാരാജാസ് കോളേജ് അടച്ചത്. കോളേജ് അ‌ധികൃതരും പോലീസും വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ബുധനാഴ്ച്ച കോളേജ് തുറക്കാൻ തീരുമാനമായത്. സംഘർഷസാധ്യത കണക്കിലെടുത്ത് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് കോളേജ് തുറക്കുക. വൈകിട്ട് ആറ് മണിയ്ക്കുതന്നെ കോളേജ് ഗേറ്റ് അ‌ടയ്ക്കുകയും ചെയ്യും. കുറച്ചു ദിവസത്തേയ്ക്ക് കോളേജ് പരിസരത്ത് പോലീസ് സാന്നിധ്യവുമുണ്ടാകും. കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരുമായുള്ള സംഘർഷത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളേജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്. കഴിഞ്ഞ കുറച്ചുകാലമായി ക്യാമ്പസിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടായിരുന്നു. ബുധനാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അ‌ബ്ദുൾ നാസറിന് വെട്ടേറ്റതോടെ സ്ഥിതി നിയന്ത്രണാതീതമായിരുന്നു. പരിക്കേറ്റവരുമായി ആശുപത്രിയിൽ എത്തിയ ശേഷവും ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ മുപ്പതിലേറെ വിദ്യാർഥികൾക്കെതിരേ കേസെടുത്തിട്ടുണ്ട്.

Leave a Comment