പത്തനംതിട്ട : തെളിയാതെ പോകേണ്ടിയിരുന്ന പല കേസുകളിലും, മികച്ച അന്വേഷണ ചാതുര്യം കൊണ്ട് പ്രതികളെ നിയമത്തിന്റെ മുൻപിലേക്ക് എത്തിക്കുന്നതിൽ പലപ്രാവശ്യം കഴിവു തെളിയിച്ച ഉദ്യോഗസ്ഥനാണ് പത്തനംതിട്ട ഡിവൈ എസ് പി നന്ദകുമാർ.

ഇതാ പഴുതുകളടച്ച അന്വേഷണത്തിന് ഒടുവിൽ നന്ദൻ്റെ നേതൃത്വത്തിലുള്ള സംഘം മറ്റൊരു കൊലകേസ്സ് കൂടി തെളിയിച്ചിരിക്കുന്നു. പ്രതികൾ ഒരു തെളിവും ബാക്കി വയ്ക്കാതെ പോയ പത്തനംതിട്ട മൈലപ്രയിലെ വ്യപാരിയായ ജോർജ് ഉണ്ണുണ്ണിയെ കൊല ചെയ്ത കേസിലെ പ്രതികളെയാണ് തമിഴ് നാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. തെങ്കാശിയിലെ കിലോമീറ്ററുകൾ നീണ്ടു കിടക്കുന്ന മാവിൻ തോട്ടത്തിനിടയ്ക്ക്, അങ്ങിങ്ങ് കെട്ടിയുണ്ടാക്കിയ കാവൽ മാടങ്ങളിൽ ഒന്നിൽ ഒളിച്ചു കഴിഞ്ഞിരുന്ന, ബലാത്സംഗവും കൊലപാതകവും പിടിച്ചു പറിയും ഉൾപ്പെടെ നിരവധി കേസുകളിൽ പെട്ട്, തമിഴ് നാട് പോലീസിന് സ്ഥിരം തലവേദനയായ മദ്രാസ് മുരുകൻ, സുബ്രമണ്യം എന്നീ പ്രതികളെ കൂരിരുട്ടിൽ ബലപ്രയോഗത്തിലൂടെയാണ് കേരള പോലീസ് അറസ്റ്റ് ചെയ്തത് .
ജോർജ് ഉണ്ണുണ്ണിയെ കൊലപെടുത്തിയ നടത്തിയ ശേഷം ഏഴ് പവനിലധികം വരുന്ന സ്വർണ മാലയും, പണവും പ്രതികൾ കൈക്കലാക്കിയിരുന്നു . കൊലപാതകം ആസൂത്രണം ചെയ്ത ആരിഫിനേയും മോഷ്ടിച്ച സ്വർണം വിറ്റു പണം സൂക്ഷിച്ച നിയാസ് അമാനെയും പത്തനംതിട്ടയിൽ നിന്നും അറസ്റ്റ് ചെയ്തു.
ഡിവൈ എസ് പി നന്ദകുമാർ, ഇൻസ്പെക്ടർ കെ എസ് ഗോപകുമാർ, സിപിഓ മാരായ ജയകൃഷ്ണൻ , ജയരാജൻ, സന്തോഷ്, സുകേഷ് എന്നിവർ നടത്തിയ മിന്നൽ ഓപ്പറേഷനിലൂടെയാണ് പ്രതികളെ കീഴ്‌പെടുത്തിയത്.
ഒരു നിമിഷം പോലീസിന്റെ ചുവടു പിഴച്ചെങ്കിൽ പ്രതികൾ ഇരുട്ടിന്റെ മറവിൽ രക്ഷപെടുമായിരുന്നു. കൂരിരുട്ടും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മാവിൻ തോട്ടവും ക്രിമിനലുകൾക്ക് അനുഗ്രഹമായേനെ. എന്നാൽ വളരെ കൃത്യതയോടെ നടത്തിയ ഓപ്പറേഷനാണ് പ്രതികളെ കുടുക്കിയത്.
കേരളാ പോലീസിൽ അങ്ങിങ്ങ് പുഴുക്കുത്തുകൾ ഉണ്ടാവാം എങ്കിലും ഈ നാട്ടിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന്, നാട്ടിൻപുറത്തെ ക്ലബ്ബുകളിൽ നിന്ന്, നാട്ടു കൂട്ടായ്മകളിൽ നിന്ന്, നാടിൻ്റെ സ്പന്ദനങ്ങളിൽ നിന്ന് ഒക്കെയാണ് ഓരോ ചെറുപ്പക്കാരും പോലീസ് ഉദ്യോഗസ്ഥർ ആയി തെരഞ്ഞെടുക്കപ്പെടുന്നത്. സ്വന്തം കുടുംബത്തെയും ജീവിതത്തേയും മറന്ന് അവർ നാടിനു വേണ്ടി പൊരുതും. അവർക്കുള്ള ആത്മവിശ്വാസമാകട്ടെ നമ്മുടെ ഓരോ കയ്യടികളുമെന്ന് മൈലപ്ര നിവാസികൾ തനിനിറത്തോട് പറഞ്ഞു.
കണ്ണൂർ സ്ക്വാഡ് കണ്ട് കയ്യടിച്ചവർ ഒന്ന് ഓർക്കണം, കേരളാ പോലീസിലെ മിടുക്കൻമാർ നടത്തിയ എല്ലാ വീര സാഹസിക അന്വേഷണങ്ങളും സിനിമകൾ ആവാറില്ല എന്നും അവരിൽ ഒരാൾ തനിനിറത്തോട് പറഞ്ഞു.
