തൃശ്ശൂർ: കുടുംബ വഴക്കിനെ തുടർന്ന് ജ്യേഷ്ഠനെ കുത്തുവിളക്കിന് തലയ്ക്കടിച്ചു കൊന്ന കേസിൽ അനുജന് ജീവപര്യന്തം തടവ്. തൃശ്ശൂർ അഡീഷണൽ ഡിസ്ട്രിക്ട് കോടതിയാണ് ശിക്ഷ വിധിച്ചത് .2016 ഏപ്രിൽ പതിനാറിന് രാത്രി പതിനൊന്നരയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ വെങ്ങിണിശ്ശേരി കോളനിയിൽ കളരിയ്ക്കൽ വീട്ടിൽ താമസിക്കുന്ന തങ്കപ്പൻ്റെ മകൻ അഭിലാഷിനെ (40) കുടുംബ വഴക്കിനെ തുടർന്ന് അനുജൻ സലീഷ് വീടിനുള്ളിൽ വച്ച് നിലവിളക്ക് കൊണ്ട് പല പ്രാവശ്യം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൂർവ്വ വൈരാഗ്യമായിരുന്നു കാരണം. അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെ.ഇ.സാലിഹ് ആണ് ഇയാളെ ശിക്ഷിച്ചത്. തടവിനു പുറമെ രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. തൃശ്ശൂർ ചേർപ്പു പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്നത്തെ ചേർപ്പ് എസ്.എച്ച്.ഒ എൻ.കെ സുരേന്ദ്രൻ ,എസ്.ഐ അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന് പതിനാറോളം സാക്ഷികളെ വിസ്തരിക്കുകയും നാല്പത്തോന്നിലധികം രേഖകളും നാല് തൊണ്ടി മുതലുകളും ഹാജരാക്കി. പ്രതി മുൻ വൈരാഗ്യം മൂലമാണ് ഈ ക്രൂര കൃത്യം ചെയ്തതെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു .സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഉടമയായ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ബി.സുനിൽകുമാർ, ലിജി മധു എന്നിവർ പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി.