പത്തനംതിട്ട : വീണ്ടും കാട്ടാനയുടെ ആക്രമത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. പത്തനംതിട്ട തുലാപ്പള്ളിയിലാണ് സംഭവം. പുളിയൻകുന്നുമല കുടിലിൽ വീട്ടിൽ ബിജു (58) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയ്ക്ക് ശേഷം വീട്ടുമുറ്റത്താണ്
ആക്രമണം ഉണ്ടായത്. തെങ്ങ് മറിച്ചിടുന്ന ശബ്‌ദംകേട്ടാണ് ബിജു വീട്ടുമുറ്റത്തേക്ക് ഇറങ്ങിയത്. രണ്ട് മിനിറ്റിനുള്ളിൽ ആക്രമണം ഉണ്ടായതായും നാട്ടുകാർ പറഞ്ഞു. ബിജുവിനെ കാട്ടാന അടിച്ചുവീഴ്ത്തിയാണ്കൊലപ്പെടുത്തിയതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച്‌ച രാത്രിയിൽ തന്നെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. രാത്രി എട്ടുമണിയോടെ ആനയെ കണ്ടുവെന്ന് ബിജുവിന്റെ അയൽവാസിയായ സ്ത്രീ അറിയിച്ചു.
“ആനയെ കണ്ടതോടെ അയൽവാസികളെ വിവരം അറിയിച്ചു. രാത്രി ഒന്നരയോടെ ഒരൊറ്റ ചിന്നംവിളി കേട്ടു. മുറ്റത്തിറങ്ങി നോക്കിയപ്പോൾ ആനയെ കണ്ടില്ല. അപ്പോൾ ബിജുവിന്റെ ഭാര്യ ഡേയ്സി, ചേച്ചീ ഓടിവായോ ബിജുച്ചായനേ കാണുന്നില്ലേ എന്ന് വിളിച്ചുപറഞ്ഞു. ബിജുച്ചായൻ മുറ്റത്തുണ്ടായിരുന്നുവെന്നും പറഞ്ഞു. ഓടിയെത്തിയപ്പോൾ റോഡിൽ മലർന്നടിച്ചു കിടക്കുന്ന ബിജുവിനെ കാണുകയായിരുന്നു”- സ്ത്രീ പറഞ്ഞു. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. എന്നാൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ മരണം ഇതാദ്യമാണ്. വനം വകുപ്പുമായി നിരന്തരം യുദ്ധം ചെയ്യുന്നവരാണ് ഈ നാട്ടുകാർ . 14 ഓളം വളർത്തുനായ്ക്കളെ പുലി പിടിച്ചിട്ടുണ്ട്. 30 ദിവസം മുൻപ് ഒരു കിലോമീറ്റർ മാറി ടാപ്പിങ് തൊഴിലാളി കടുവയെ കണ്ടു. കഴിഞ്ഞ ദിവസം ബിജുവിന്റെ സഹോദരന്റെ വീട്ടുപരിസരത്ത് കാട്ടാനയെത്തി കൃഷിനശിപ്പിച്ചിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അതേസമയം ബിജുവിൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക്കൊണ്ടുപോയി. ഓട്ടോ ഡ്രൈവറാണ് ബിജു. ജിൻസൺ, ബിജോ എന്നിവർ മക്കളാണ്.