13 കാരിയെ 15 വയസ്സുകാരൻ ക്ലാസ് മുറിയില്‍ വച്ച് ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ പകർത്തിയ 4 പേർ അറസ്റ്റിൽ…

Written by Web Desk1

Published on:

അമരാവതി (Amaravathi) : ആന്ധ്രാപ്രദേശ് ഏലൂർ ജില്ല (Andhra Pradesh Elur District)യിലെ സർക്കാർ സ്‌കൂളിൽ പതിമൂന്നുകാരിയെ ക്ലാസ് മുറിയില്‍ വച്ച് ബലാത്സംഗത്തിനിരയാക്കിയ പത്താം ക്ലാസുകാരന്‍ അറസ്റ്റില്‍. പ്രതിക്കൊപ്പം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി കുറ്റകൃത്യം മൊബൈലില്‍ പകര്‍ത്തിയ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കൾ രണ്ട് ലക്ഷം രൂപ നൽകാത്തതിനെത്തുടർന്ന് പ്രതികള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു.

ഏഴാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ് വാങ്ങാന്‍ സ്കൂളിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും നാലു യുവാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വേനലവധിക്കായി സ്കൂള്‍ അടച്ച സമയത്താണ് അതിക്രമം നടന്നത്. ഇത് നാലു പുരുഷന്‍മാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

രണ്ടു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പണം നല്‍കിയില്ല. തുടര്‍ന്ന് പ്രതികള്‍ വാട്ട്സാപ്പ് വഴി വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് അയക്കുകയും ചെയ്തു. പത്താം ക്ലാസുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. 19-22 വയസ് പ്രായമുള്ള മറ്റ് പ്രതികളെ അറസ്റ്റ് ചെയ്ത് ഏലൂർ കോടതിയിൽ ഹാജരാക്കി. പിന്നീട് നാലുപേരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

See also  എഡിഎം നവീന്റെ മരണത്തിൽ മുഖ്യപങ്ക് കളക്ടർക്ക്; സിപിഎം നേതാവ് മലയാലപ്പുഴ മോഹനൻ…

Leave a Comment