കേക്ക് ഒഴിവാക്കിയുള്ള ക്രിസ്തുമസ് ഒരു മലയാളിക്കും ചിന്തിക്കാൻ ആവില്ല. മിക്കയിടത്തും കൂട്ടുകാരും കുടുംബവും ഒത്തു ചേരുന്ന സമയം കൂടിയാണ് ക്രിസ്തുമസ്. വരുന്നവർക്ക് സർപ്രൈസ് ആയി ഒരു ഡ്രീം കേക്ക് ഉണ്ടാക്കി കൊടുത്താലോ.കാഴ്ചയിൽ മാത്രമല്ല രുചിയിലും സൂപ്പറാണ് ഡ്രീം കേക്ക്.
ചേരുവകൾ
- മൈദ/ഗോതമ്പു പൊടി -1 കപ്പ്
- കൊക്കോ പൗഡർ -1/2 കപ്പ്
- പഞ്ചസാര-1 കപ്പ്
- എണ്ണ -1/4
- തൈര് -1/2 കപ്പ്
- വാനില എസൻസ് -1 ടീസ്പൂൺ
- ബേക്കിങ് പൗഡർ -1 ടീസ്പൂൺ
- ബേക്കിങ് സോഡാ -1/2 ടീസ്പൂൺ
- ഉപ്പ്- 1 നുള്ള്
- ചൂട് വെള്ളം -1/2 കപ്പ്
- മുട്ട -1
- ചോക്ലേറ്റ് മൂസ്
- ചോക്ലേറ്റ് ഗനാഷ്
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് ഗോതമ്പ് പൊടിയിലേക്ക് അര കപ്പ് കൊക്കോ പൗഡറും, ഒരു കപ്പ് പഞ്ചസാരയും ചേർക്കാം.
- അതിലേക്ക് അര കപ്പ് തൈര്, ഒരു ടീസ്പൂൺ വാനില എസൻസ്, ഒരു ടീസ്പൂൺ ബേക്കിങ് പൗഡർ, അര ടീസ്പൂൺ ബേക്കിങ് സോഡ എന്നിവ ചേർക്കുക.
- കാൽ ടീസ്പൂൺ വെജിറ്റബിൾ ഓയിൽ, ഒരു നുള്ള് ഉപ്പ്, അര കപ്പ് ചൂട് വെള്ളവും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം.
- ഇതിലേക്ക് ഒരു മുട്ട അടിച്ചെടുത്തു ചേർത്തിളക്കി യോജിപ്പിക്കുക.
- കേക്ക് തയ്യാറാക്കാൻ ഉചിതമായ പാനിൽ ഒരു ബട്ടർ പേപ്പർ വയ്ക്കാം.
- അതിലേക്ക് ഈ മിശ്രിതം ഒഴിച്ച് 180 ഡിഗ്രിയിൽ 45 മിനിറ്റ് ബേക്ക് ചെയ്യാം.
- ബേക്ക് ചെയ്തെടുത്ത കേക്ക് രണ്ട് ലെയറുകളായി മുറിക്കാം.
- കേക്ക് സെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് അതിൽ ഒരു കഷ്ണം വയ്ക്കാം. ചോക്ലേറ്റ് ചേർത്ത പാൽ അതിനു മുകളിൽ ഒഴിക്കാം.
- ഒരു കപ്പ് വീപ്പിങ് ക്രീമിലേക്ക് നാല് ടേബിൾസ്പൂൺ കൊക്കോ പൗഡർ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കേക്കിനു മുകളിലായി അത് ചേർക്കാം.
- ശേഷം പത്ത് മിനിറ്റ് കേക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇതേ സമയം 150 ഗ്രാം ഡാർക്ക് ചോക്ലേറ്റിലേക്ക് 200 മില്ലി വിപിങ് ക്രീമും, ചെറിയ കഷ്ണം വെണ്ണയും ചേർത്തിളക്കാം. അതിലേക്ക് ഒരു കപ്പ് ചോക്ലേറ്റും, രണ്ട് ടേബിൾസ്പൂൺ നട്സും, മൂന്ന് ടേബിൾസ്പൂൺ കൊക്കോ പൗഡറും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് അടുപ്പിൽ വച്ച് അലിയിക്കാം. ഇതാണ് ചോക്ലേറ്റ് ഗനാഷ്.
- ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്ത കേക്കിനു മിതെ ചോക്ലേറ്റ് ഗനാഷ് ആവശ്യത്തിന് പുരട്ടാം.
- വീണ്ടും പത്ത് മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കുക.
- ശേഷം അൽപ്പം ചോക്ലേറ്റ് ഉരുക്കിയെടുത്തത് മുകളിൽ ഒഴിച്ച് സ്പ്രെഡ് ചെയ്യാം.
- വീണ്ടും ഇത് 30 മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ശേഷം ഇഷ്ടാനുസരണം കഴിക്കാം.