രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ ഗ്രിഡ് സൗരോര്‍ജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം (മില്‍മ) മാറി. മില്‍മ എറണാകുളം യൂണിയന്റെ തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റ് കേന്ദ്ര മൃഗസംരക്ഷണ – ക്ഷീരവകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ നാടിന് സമര്‍പ്പിച്ചു. ചടങ്ങിൽ ക്ഷീരവികസന – മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഓണ്‍ലൈനായി പങ്കെടുത്തു.
പ്രതിസന്ധികളെ എങ്ങിനെ അനുകൂലമാക്കാം എന്നതിന്റെ നേര്‍ക്കാഴ്ചയാണ് തൃപ്പൂണിത്തുറയിലെ സൗരോര്‍ജ പ്ലാന്റെന്ന് മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ചതുപ്പു നിലവും കുളവുമായിരുന്ന ഭൂപ്രകൃതി നിലനിറുത്തിക്കൊണ്ട് തന്നെ സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള തീരുമാനം പരിസ്ഥിതിയെ അലോസരപ്പെടുത്താതെ വികസനം കൊണ്ടുവരാമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതനിലവാരത്തിലുള്ള പാലുല്‍പ്പന്നങ്ങളും അതിന്റെ ഗുണമേന്മയും ഉറപ്പാക്കാനായുള്ള സംവിധാനമാണ് സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബും, ഇടപ്പള്ളി പ്ലാന്റിന്റെ നവീകരണവുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വിദേശപര്യടനത്തിലായിരുന്ന മന്ത്രി ഓണ്‍ലൈനായാണ് ചടങ്ങിനെ അഭിസംബോധന ചെയ്തത്.