ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ഇഷ്ട പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. രാവിലെ എണീറ്റയുടൻ വെറും വയറ്റിൽ ഗ്രീൻ കുടിക്കുന്ന നിരവധി പേരുണ്ട്. ഇത് ദോഷകരമാണോ, ഗ്രീൻ ടീയെക്കാൾ മികച്ച മറ്റു മാർഗങ്ങളുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ പലരുടെയും മനസ്സിൽ വരാറുണ്ട്. ഗ്രീൻ ടീയിൽ കഫീനും ടിനൈനും അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീ കുടിച്ചാലുള്ള ചില ആരോഗ്യ ഗുണങ്ങൾ അറിയാം.
- കലോറി ഇല്ല: ഗ്രീൻ ടീ കലോറി രഹിത പാനീയമാണ്. ഗ്രീൻ ടീ സാധാരണയായി ചൂടോടെയും പഞ്ചസാര ചേർക്കാതെയുമാണ് കഴിക്കുന്നത്. അതിനാൽ, ദിവസവും 2-3 കപ്പ് കുടിക്കുന്നത് ഒരു ദിവസത്തേക്കുള്ള നിങ്ങളുടെ കലോറി ഉപഭോഗത്തെ ബാധിക്കില്ല.
- വിശപ്പ് ശമിപ്പിക്കുന്നു: വിശപ്പ് തോന്നുമ്പോൾ ആസക്തി നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല പാനീയമാണ് ഗ്രീൻ ടീ. ഇവ കുടിക്കുന്നത് വെള്ളം കുടിക്കുന്നത് പോലെയാണ്. കൂടുതൽ കുടിക്കുന്തോറും നിങ്ങൾക്ക് പൂർണത അനുഭവപ്പെടും.
- ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞിരിക്കുന്നു: ഗ്രീൻ ടീ ആരോഗ്യം വർധിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതാണ്. ഈ ആന്റിഓക്‌സിഡന്റുകൾ ഉപാപയപ്രവർത്തനം വർധിപ്പിക്കാനും ദഹനം ശക്തമാക്കാനും സഹായിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കും.
വെറും വയറ്റിൽ കുടിക്കാമോ?
ഗ്രീൻ ടീ ഒരിക്കലും വെറും വയറ്റിൽ കുടിക്കാൻ പാടില്ല. ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ നല്ലതാണെന്ന് പറയപ്പെടുമ്പോഴും രാവിലെ വെറും വയറ്റിൽ ആദ്യം കുടിക്കാതിരിക്കുന്നതാണ് നല്ലത്. വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് നിർജലീകരണത്തിലേക്ക് നയിക്കുകയും ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇത് വയറിനെ അസ്വസ്ഥമാക്കുകയോ അൾസറിന് കാരണമാവുകയോ ചെയ്യും.
ഗ്രീൻ ടീ കുടിക്കുന്നതിനുള്ള അനുയോജ്യമായ സമയം
ഗ്രീൻ ടീയിൽ കഫീൻ, തിനൈൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുമ്പ് ഒഴിവാക്കുന്നതാണ് നല്ലത് . ഇത് ഉറക്കത്തെ തടസപ്പെടുത്തും. ഭക്ഷണത്തിനിടയിലുള്ള സമയമാണ് ഗ്രീൻ ടീ കുടിക്കാൻ ഏറ്റവും അനുയോജ്യം. എങ്കിലും, ഭക്ഷണത്തിന് രണ്ട് മണിക്കൂർ മുമ്പും രണ്ട് മണിക്കൂർ ശേഷവും ഗ്രീൻ ടീ കുടിക്കാൻ ശ്രദ്ധിക്കണം.