തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്ത് പട്ടാളക്കാരനായ വേലുക്കുട്ടിയുടെയും ഭാസമ്മയുടെയും മകനായി 1951 ലാണ് ലെനിൻ രാജേന്ദ്രൻ ജനിച്ചത്.
നാലാം ക്ലാസ്സുവരെ പഠിച്ചത് ഊരൂട്ടമ്പലത്തെ എൽ പി സ്കൂളിൽ ആയിരുന്നു. പിന്നീട് മാരനെല്ലൂർ സ്കൂളിൽനിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ചേർന്നു.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം മരണംവരെ ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു.
കോളജ് പഠനത്തിനുശേഷം എറണാകുളത്തു ഫിനാൻഷ്യൽ എന്റർപ്രൈസിൽ ജോലി ചെയ്യുമ്പോൾ പി.എ.ബക്കറെ പരിചയപെടുകയും അദ്ദേഹത്തിന്റെ സഹസംവിധായകനായി സിനിമയിലെത്തുകയുമായിരുന്നു.
1981 മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്തത് വേനല്‍ എന്ന സിനിമ ആയിരുന്നു. പി എ ബക്കറിന്റെ സഹായിയായിട്ടായിരുന്നു സിനിമയിലെ തുടക്കം.
വേനല്‍, ചില്ല, പ്രേംനസീറിനെ കാണ്‍മാനില്ല, മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രി മഴ, മകര മഞ്ഞ്, ഇടവപ്പാതി എന്നിവയാണ് ലെനിന്‍ രാജേന്ദ്രന്റെ സിനിമകള്‍.
സ്വാതി തിരുനാളിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും, ദൈവത്തിന്റെ വികൃതികള്‍ക്ക് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും കുലത്തിന് മികച്ച ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരവും രാത്രി മഞ്ഞിന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും മകരമഞ്ഞിന് മികച്ച രണ്ടാമത്തതെ സിനിമയ്ക്കുളള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മകരമഞ്ഞിന് ഐഎഫ്എഫ്‌കെ ഫിപ്രസി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന പുസ്തകം ‘ബാല്യകാല സ്മരണകള്‍’ എന്ന പേരില്‍ ടെലിവിഷന്‍ സീരിയല്‍ ആയി സംവിധാനം ചെയ്തിട്ടുണ്ട്. ഇതിന് സംസ്ഥാന ടിവി അവാര്‍ഡും ലഭിച്ചിരുന്നു. കവിയൂര്‍ രേവമ്മയെ കുറിച്ചുള്ള ഡോക്യുമെന്‌ററിയ്ക്കും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
എന്നും ഇടതുപക്ഷത്തോടൊപ്പം നിലയുയര്‍പ്പിച്ച ലെനിന്‍ രാജേന്ദ്രന്‍ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ ഇടതുപക്ഷ സ്ഥാനർത്ഥി ആയി കെ ആർ നാരായണനെതിരെ മത്സരിച്ചിരുന്നു.
ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു വരികയായിരുന്ന സമയത്തായിരുന്നു അദ്ദേഹം കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയമായി ചെന്നൈ അപ്പോളോയിൽ വെച്ച് 2019 ജനുവരി 14 ആം തിയതി തന്റെ 68 ആം വയസ്സിൽ അന്തരിക്കുന്നത്.
ഡോ.രമണിയാണ് ഭാര്യ/ഡോ.പാര്‍വതി/ഛായാഗ്രാഹകനായ ഗൗതമന്‍ എന്നിവരാണ് മക്കൾ.
ഭാവനാപൂര്‍ണ്ണവും സര്‍ഗ്ഗാത്മകവുമായ കുറെ സിനിമകള്‍ മലയാളിക്ക് സമര്‍പ്പിച്ച ലെനിന്‍ രാജേന്ദ്രന്‍റെ വിയോഗം ഇന്നും ഒരു കനത്ത നഷ്ടമാണ്. സാമൂഹ്യ പ്രതിബദ്ധത അവസാന ശ്വാസം വരെയും നിലനിറുത്തിയ പ്രതിഭയോട് പുരോഗമന കേരളം എന്നും കടപ്പെട്ടിരിക്കും