കൈവെട്ട് പരാമർശം: സത്താർ പന്തല്ലൂരിനെതിരെ കേസ്

Written by Taniniram1

Published on:

മലപ്പുറം: കൈവെട്ട് പരാമർശത്തിൽ എസ്കെ എസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സത്താർ പന്തല്ലൂരിനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം പൊലീസാണ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തത്. ഐപിസി വകുപ്പ് 153 പ്രകാരം കേസ്. അഷ്റഫ് കളത്തിങ്ങൽ എന്നയാളുടെ പരാതിയിലാണ് കേസ്.

മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിൽ ആയിരുന്നു വിവാദ പ്രസംഗം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടാൻ പ്രവർത്തകർ ഉണ്ടാകും എന്നായിരുന്നു സത്താർ പന്തല്ലൂരിൻറെ പരാമർശം.

സത്താർ പന്തല്ലൂരിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനുവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കാണ് ഷൈനു പരാതി നൽകിയത്.

സമസ്ത പണ്ഡിതന്മാരെ വെറുപ്പിക്കാൻ ശ്രമിക്കുന്നവരുടെ കൈവെട്ടുമെന്നും സമസ്തയോടല്ലാതെ മറ്റൊരു സംവിധാനത്തോടും കടപ്പാടില്ലെന്നുമുള്ള പരാമർശം രാജ്യത്തിൻറെ ഭരണഘടനയെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതും സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിച്ച്‌ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്നാണ് ഈ പരാതിയിൽ പറയുന്നു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതന്മാരെയും അതിൻറെ ഉസ്താദുമാരെയോ വെറുപ്പിക്കാനും പ്രായസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാൻ എസ്.എസ്.കെ.എസ്.എഫിൻറെ പ്രവർത്തകന്മാർ മുന്നോട്ടുണ്ടാവുമെന്നാണ് സത്താർ പന്തല്ലൂരിൻറെ വിവാദ പരാമർശം.

‘സത്യം, സ്വത്വം, സമർപ്പണം’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് 35-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച്‌ വ്യാഴാഴ്ച രാത്രി മലപ്പുറം ടൗൺഹാളിനു മുന്നിൽ നടത്തിയ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു വിവാദ പരാമർശം.

Leave a Comment