ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കം

Written by Taniniram1

Published on:

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കം. മണിപ്പൂരിലെ തൗബാലിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 67 ദിവസത്തിനുള്ളിൽ 15 സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര 100 ലോക്‌സഭാ സീറ്റുകളിലൂടെ കടന്നുപോകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്ന് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്. 110 ജില്ലകളിലൂടെ 67 ദിവസങ്ങളിലായി കടന്നുപോകുന്ന യാത്ര 6,700 കിലോമീറ്റർ ആണ് താണ്ടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര മാർച്ച് 20ന് മഹാരാഷ്ട്രയിൽ സമാപിക്കും.

രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര പ്രത്യയശാസ്ത്രപരമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ലെന്നുമാണ് കോൺ​ഗ്രസിന്റെ വാദം. മറിച്ച് 10 വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ ആന്യായത്തിനെതിരെയാണ് യാത്ര നടത്തുന്നതെന്നും കോൺ​ഗ്രസ് പറയുന്നു. യാത്രയുടെ പ്രധാന ശ്രദ്ധാകേന്ദ്രം ഉത്തർപ്രദേശാണ്. ജാർഖണ്ഡിലും അസമിലും എട്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്ര മധ്യപ്രദേശിൽ ഏഴ് ദിവസം തുടരും. ഉത്തർപ്രദേശിൽ, റായ്ബറേലിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലും അമേഠി ഉൾപ്പെടെയുള്ള രാഷ്ട്രീയ സുപ്രധാന മേഖലകളിലൂടെ യാത്ര കടന്നുപോകും.

ബിഹാറിലെ ഏഴ് ജില്ലകളിലും ഝാർഖണ്ഡിലെ 13 ജില്ലകളിലും രാഹുൽ ഗാന്ധിയുടെ മാർച്ച് യഥാക്രമം 425 കിലോമീറ്ററും 804 കിലോമീറ്ററും പിന്നിടും. ഇംഫാലിലെ ഹപ്ത കാങ്‌ജെയ്ബുങ്ങിൽ നിന്ന് ആരംഭിക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. റാലി ആരംഭിക്കുന്നതിന് മുമ്പ് പങ്കെടുക്കുന്നവരുടെ പേരുകൾ മുൻകൂട്ടി നൽകണമെന്നും ഫ്‌ളാഗ് ഓഫിന് നിയന്ത്രിത എണ്ണം പ്രവർത്തകർ മാത്രമേ പങ്കെടുക്കാവൂ തുടങ്ങിയ ഉപാധികൾ മുന്നോട്ട് വെച്ചാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ പിന്നീട് ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ നിന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ കോൺ​ഗ്രസ് തീരുമാനിച്ചു.

Related News

Related News

Leave a Comment