വാക്കുകളിലെ വിസ്മയം മലയാളത്തിന്റെ സ്വന്തം എം ടി

Written by Taniniram1

Published on:

“അധികാരമെന്നാൽ ആധിപത്യമോ

സർവാധിപത്യമോ ആവുന്നു

അധികാരം ജനസേവനത്തിന്റെ

അവസരത്തെയിന്ന് കുഴിവെട്ടി മൂടുന്നു

നാലുവരി കവിത പോലെ ഇന്നലെ തൊട്ട് മാദ്ധ്യമങ്ങളിൽ വിവാദമായി പടരുന്നുണ്ട് കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ എം.ടിയുടെ പ്രസംഗം.തന്റെ കാലത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്താനൊ അധികാര വിമർശനമോ എന്നൊന്നും ചിന്തിക്കാതെ നമ്മൾ ഈ പ്രസംഗത്തിൽ നിന്നും കാണേണ്ടതായ ചിലതുണ്ട്. മലയാളികൾക്ക് കഥയുടെ സർഗ വസന്തം തീർത്ത|എഴുത്തുകാരന്റെ വാക്കുകളിലെ വിസ്മയങ്ങൾ. സാഹിത്യത്തിലെ മുടിച്ചൂടാമന്നനായ എം ടി എന്ന പ്രാസംഗികൻ.

ഒരിക്കൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ കോർത്തിണക്കിക്കൊണ്ട് തയ്യാറാക്കിയ 'വാക്കുകളുടെ വിസ്മയം' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിൽ ഇങ്ങനെ സംസാരിക്കുകയുണ്ടായി. 
"പ്രഭാഷണങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി എം.എൻ. കാരശ്ശേരി വന്നു. വേണ്ടെന്നു പറഞ്ഞു. കാരണം, എഴുതിത്തയ്യാറാക്കിയ പ്രസംഗങ്ങൾ വളരെ കുറച്ചേ ഉള്ളൂ. അപ്പപ്പോൾ രൂപംകൊള്ളുന്ന ചില ചിന്തകളാണ് എന്റെ അധികം പ്രസംഗങ്ങളും. പ്രസംഗകലയിൽ ഞാനൊരു വിദഗ്ധനാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പ്രസംഗങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാൻ പറ്റാത്തതുകൊണ്ട് പല വേദികളിലും പ്രത്യക്ഷപ്പെടേണ്ടിവരുന്നു.അതിനു കുറച്ചുമുൻപായി ചിലപ്പോൾ മനസ്സിൽ ഒരു ചിട്ടപ്പെടുത്തൽ നടത്താൻ ശ്രമിക്കും."
ഇവിടെ  പ്രസംഗത്തെ കാര്യമാക്കി എടുക്കാതെ അപ്പപ്പോൾ രൂപം കൊള്ളുന്ന ചിന്തകളെയാണ് നമുക്ക് മുന്നിൽ തുറന്നിടുന്ന എം ടി യെ ആണ് കാണുന്നത്. അത്രയ്ക്ക് കാമ്പുള്ള പ്രസംഗങ്ങളെ ചേർത്താണ് മാതൃഭൂമി ബുക്സ് എം ടി യുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളെ പുസ്തകമാക്കിയത്. മുപ്പത്തിരണ്ടു പ്രസംഗങ്ങളെ അഞ്ചാക്കി പകുത്തു കൊണ്ടാണ് വാക്കുകളുടെ വിസ്മയം തയ്യാറാക്കിയിട്ടുള്ളത്. 

    ഭൂതകാലത്തിന്റെ ഓർമ്മകളാണ്,തന്റെ കലാസൃഷ്ടികൾക്ക് വിഷയമാകുന്നതെന്ന് തന്റെ പ്രസംഗങ്ങളിലൂടെ പലപ്പോഴും എം ടി എടുത്തു പറഞ്ഞു.താൻ ജീവിച്ചു വന്ന ചുറ്റുപാടും തന്റെ നാടും എഴുത്തിലേക്ക് കൊണ്ടു വന്നപ്പോൾ വായനക്കാരന്റെ മനസ്സ് ഗ്രന്ഥകർത്താവിനേക്കാൾ മുകളിലേക്ക് നീങ്ങി. എഴുത്തുകാരന്റെ ഭാവനയും വായനക്കാരന്റെ സങ്കല്പങ്ങളും ചേർന്ന് അവർ "എം ടി "എന്നൊരു ലോകം തന്നെ പണിതു. നാലുകെട്ടിലെ ജീവിതങ്ങളും കുട്ട്യേടത്തിയും ഓപ്പോളും സേതുവുമെല്ലാം വായനക്കാരോടൊപ്പം ജീവിച്ചു.തന്റെ കൃതികളിലൂടെ സമൂഹത്തിന്റെ യാഥാസ്ഥിതിക മൂല്യങ്ങളേയും വ്യക്തമാക്കിക്കൊണ്ട്  അദ്ദേഹത്തിന്റെ  നിലപാടുകൾ വ്യക്തമാക്കി.എഴുത്തുകാരൻ എന്നതിലുപരി നോവലിസ്‌റ്റ് തിരക്കഥാകൃത്ത്, നാടകകൃത്ത്, ചലച്ചിത്ര സംവിധായകൻ എന്നീ തലങ്ങളിലൊക്കെ എം ടി എന്ന രണ്ടക്ഷരം പൊൻലിപികളാൽ എഴുതപ്പെട്ടു. 
 സമൂഹത്തെ നിരീക്ഷിക്കുന്ന ക്രാന്തദർശിയായ എഴുത്തുകാരൻ കൂടിയാണ് എം ടി.തുഞ്ചൻപറമ്പിൽ നടത്തുന്ന സാംസ്കാരിക ഇടപെടലുകളും മുത്തങ്ങ സമരത്തിലും പെരിങ്ങോം ആണവ നിലയ വിരുദ്ധ മുന്നേറ്റത്തിലും എംടി മുന്നിട്ടു നിന്നു.

    എം ടി യുടെ 'മഞ്ഞ് ' എന്ന നോവലിൽ ഇങ്ങനെ പറയുന്നുണ്ട്." കാലത്തിന്റെ നടപ്പാതയിൽ ഈ നിമിഷം പണ്ടേ സ്ഥാനം പിടിച്ചതായിരുന്നു. യുഗങ്ങൾക്കുമുമ്പേ നിങ്ങൾക്കുവേണ്ടി രേഖപ്പെടുത്തിയ നിമിഷം".തീർച്ചയായും മലയാള സാഹിത്യത്തിൽ യുഗങ്ങൾക്കുമുമ്പേ എം ടി എന്ന എഴുത്തുകാരൻ സ്ഥാനം പിടിച്ചിരിക്കുന്നു. അദ്ദേഹം മലയാള ഭാഷക്ക് തന്ന സംഭാവനകൾ വായിച്ചാലും അനുഭവിച്ചാലും തീരാത്ത സുവർണ്ണ നിമിഷങ്ങളായി മാറുന്നു.അവയൊക്കെ എന്നെന്നും വാക്കുകളിലെ വിസ്മയങ്ങളാവുന്നു.

താര അതിയടത്ത്


See also  ബിജെപി നേതാവ് സുരേഷ്ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി …

Related News

Related News

Leave a Comment