കേരള ആസ്ഥാനമായുള്ള കല്യാൺ ജൂവലേഴ്‌സിൻ്റെ വിപണിമൂല്യ൦ ആദ്യമായി 40,000 കോടി രൂപ കടന്നു. ഓഹരി വില വ്യാഴാഴ്ച 2.92 ശതമാനം ഉയർന്ന് 391.20 രൂപയിലെത്തിയതോടെയാണ് ഇത്. മൂന്നുമാസംകൊണ്ട് മൂല്യത്തിൽ 10,000 കോടി രൂപയുടെ വർദ്ധനയുണ്ടായി. 2023 ഒക്ടോബർ 17 നായിരുന്നു മൂല്യ൦ 30,000 കോടി കടന്നത്.
രാജ്യത്തെ ഏറ്റവും കൂടുതൽ വിപണിമൂല്യമുള്ള 200 കമ്പനികളിൽ ഒന്നാണ് കല്യാൺ ജൂവല്ലേഴ്സ് ഇപ്പോൾ. ഓഹരി വില പുതിയ ഉയരത്തിൽ എത്തിയതോടെ കമ്പനിയിൽ 60.55 ശതമാനം ഓഹരിയുള്ള ഉടമകളായ ടി.എസ്. കല്യാണരാമന്റെയും കുടുംബത്തിന്റെയും ആസ്തി മൂല്യം ഏതാണ്ട് 25,000 കോടി രൂപയിലെത്തി. ഈ സാമ്പത്തിക വർഷം 50 പുതിയ ഷോറൂമുകൾ ഇതിനോടകം ആരംഭിച്ചു. മാർച്ച് 31നുള്ളിൽ 17 എണ്ണം കൂടി തുറക്കാനാണ് പദ്ധതി.