നിപ വൈറസ് പ്രതിരോധിക്കുന്നതിനുള്ള ആദ്യ വാക്‌സിൻ: മനുഷ്യരിൽ പരീക്ഷണം തുടങ്ങി

Written by Taniniram1

Published on:

നിപ്പ വൈറസിനെതിരായ പരീക്ഷണാത്മക വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയതായി ഓക്സ്ഫോർഡ് സർവകലാശാല. മാരകമായ വൈറസിന് ഇതുവരെ വാക്സിൻ കണ്ട് പിടിച്ചിരുന്നില്ല. ഏകദേശം 25 വർഷം മുമ്പ് മലേഷ്യയിലാണ് നിപ ആദ്യമായി തിരിച്ചറിഞ്ഞത്. ഇത് ബംഗ്ലാദേശ്, ഇന്ത്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പൊട്ടിപ്പുറപ്പെടാൻ കാരണമായി. കഴിഞ്ഞയാഴ്ച ആദ്യത്തെ പരീക്ഷണ ഡോസ് അടിസ്ഥാനത്തിൽ ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി വൈറസ് വാക്സിൻ നൽകിയിരുന്നു. ആസ്ട്രസെനിക്ക കോവിഡ് 19 വാക്സിൻ പരീക്ഷണത്തിന് ഉപയോഗിച്ച അതേ ടെക്നോളജിയാണ് ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും ഉപയോഗിക്കുന്നത്.

നിലവിൽ 51 പേരിലാണ് വാക്സിൻ പരീക്ഷണം നടക്കുന്നത്. 18 മുതൽ 55 വയസ് വരെ പ്രായമുള്ളവരിലാണ് വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നതെന്നും യൂണിവേഴ്സിറ്റി അറിയിച്ചു. ഇപ്പോൾ പ്രാഥമിക പരീക്ഷണങ്ങളാണ് നടത്തുന്നതെന്നും നിപ ബാധിച്ച രാജ്യങ്ങളിൽ തുടർ പരീക്ഷണങ്ങളുണ്ടാവുമെന്നും യൂണിവേഴ്സിറ്റി വ്യക്തമാക്കി. ‌കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആറ് പേർക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. പനി, തലവേദന, ചുമ, ശ്വാസതടസം എന്നിവയാണ് നിപയുടെ പ്രധാനലക്ഷണം.

ഉയർന്നുവരുന്ന പകർച്ചവ്യാധികൾക്കെതിരായ വാക്‌സിനുകൾ വികസിപ്പിക്കുന്നതിന് പിന്തുണ നൽകുന്ന ആഗോള കൂട്ടായ്മയായ സിഇപിഐയാണ് ധനസഹായം നൽകുന്നത്. 2022-ൽ മോഡേണയും യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസുമായി സഹകരിച്ച് വികസിപ്പിച്ച നിപാ വൈറസ് വാക്‌സിന്റെ പ്രാരംഭ ഘട്ട ക്ലിനിക്കൽ ട്രയൽ ആരംഭിച്ചിട്ടുണ്ട്.

Leave a Comment