രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ല

Written by Taniniram1

Published on:

ന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ല. മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പാർട്ടി നേതൃത്വം പത്രക്കുറിപ്പിൽ അറിയിച്ചു. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് പൂർണമായും ആർ എസ് എസ്, ബിജെപി പരിപാടിയാണെന്ന് പത്രക്കുറിപ്പിൽ കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി.

“നമ്മുടെ രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകൾ ശ്രീരാമനെ ആരാധിക്കുന്നു. മതം വ്യക്തിപരമായ കാര്യമാണ്. എന്നാൽ ആർഎസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പ്രചാരണായുധമായാണ് ഉപയോഗിച്ചുവരുന്നത്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും നേതാക്കൾ ചേർന്ന് പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുന്നത് തെരഞ്ഞെടുപ്പു നേട്ടത്തിന് വേണ്ടിയാണ്. 2019 ലെ സുപ്രീം കോടതി വിധി അനുസരിച്ചും ശ്രീരാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിച്ചും മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും അധീർ രഞ്ജൻ ചൗധരിയും ആർഎസ്എസ്/ബിജെപി പരിപാടിയിലേക്കുള്ള ക്ഷണം നിരിസിക്കുന്നു – പത്രക്കുറിപ്പിൽ വ്യക്തമാക്കി.

നേരത്തെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിക്കുകയും അവർ ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുന്നതിനെതിരെ കോൺഗ്രസിൽ തന്നെ ശക്തമായ വിമർശനം ഉയർന്നു. പല സംസ്ഥാന നേതൃത്വങ്ങളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇന്ത്യ മുന്നണിയിലെ പല ഘടകക്ഷികളും കോൺഗ്രസ് നിലപാടിനെ എതിർത്തു. ഇതോടെയാണ് കോൺഗ്രസ് നിലപാട് തിരുത്തിയത്. ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങ്.

Related News

Related News

Leave a Comment