ഭാരത് ന്യായ് യാത്രയ്ക്ക് ഉപാധികളോടെ അനുമതി

Written by Taniniram1

Published on:

രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യ്ക്ക് ഉപാധികളോടെ അനുമതി നൽകി മണിപ്പൂർ സർക്കാർ. റാലിയിൽ പങ്കെടുക്കുന്നവരുടെ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ നിയന്ത്രിത എണ്ണം പ്രവർത്തകർ പങ്കെടുക്കുന്ന യാത്രയുടെ ഫ്‌ലാഗ് ഓഫ് ചടങ്ങിന് മാത്രം അനുമതി നൽകണമെന്ന് മണിപ്പൂർ ആഭ്യന്തര വകുപ്പ് ഇംഫാൽ ഈസ്റ്റ് ജില്ലാ മജിസ്ട്രേറ്റിന് അയച്ച കത്തിൽ നിർദ്ദേശിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന ഗ്രൗണ്ടിന് അനുമതി നിഷേധിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധമുയർന്നതിനെ തുടർന്നാണ് പുതിയ തീരുമാനം. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. ജനുവരി 14ന് ഇംഫാലിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

രാവിലെ മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് എംഎൽഎയുമായ കെ മേഘചന്ദ്രയും പാർട്ടി നേതാക്കളുടെ ഒരു പ്രതിനിധി സംഘവും മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ ഓഫീസിലെത്തി കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി യാത്രയ്ക്ക് അനുമതി നൽകാനാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഇതോടെ സർക്കാരിന്റെ പ്രതികരണം വളരെ ദൗർഭാഗ്യകരമാണെന്നും തൗബാൽ ജില്ലയിലെ ഖോങ്ജോമിലെ സ്വകാര്യ സ്ഥലത്തേക്ക് വേദി മാറ്റിയിരിക്കുകയാണെന്നും മേഘചന്ദ്ര അറിയിച്ചു.

ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ യാത്ര നടത്താനുള്ള അഭ്യർഥന മണിപ്പൂർ സർക്കാർ നിരസിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

Related News

Related News

Leave a Comment