മദ്യപാനം പ്രോത്സാഹിപ്പിച്ചു; ഇൻസ്റ്റാഗ്രാമിലെ `മല്ലു കുടിയൻ´ അറസ്റ്റിൽ

Written by Taniniram1

Published on:

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന`മല്ലു കുടിയൻ´എന്ന് പേരുള്ള ഇൻസ്റ്റാ പ്രൊഫൈൽ ഉടമ പൊലീസ് പിടിയിലായി. മദ്യപാനം പ്രോത്സാഹിപ്പിച്ച് സ്ഥിരമായി ഇൻസ്റ്റാഗ്രാമിൽ വീഡിയോകൾ പോസ്റ്റു ചെയ്യുന്നത് മല്ലു കുടിയൻ എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന അഭിജിത്ത് അനിലിൻ്റെ (23) പതിവായിരുന്നു. തിരുവല്ലയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായതെന്നാണ് വിവരം. എക്സൈസ് സൈബർ സെല്ലിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തിരുവല്ല സർക്കിൾ ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരം റേഞ്ച് ഇൻസ്‌പെക്ടർ പ്രസന്നൻ ജി യും സംഘവുമാണ് ഇയാളെ പിടികൂടിയത്. കേരള അബ്‌കാരി നിയമം സെക്ഷൻ 55 (H) പ്രകാരമാണ് അഭിജിത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.

നേരത്തെ, യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും ചെർപ്പുളശേരി – തൂത നെച്ചിക്കോട്ടിൽ അക്ഷജിനെ(21) എക്സെെസ് സംഘം പിടികൂടിയിരുന്നു. തൻ്റെ യൂട്യൂബ് ചാനലായ ‘നാടൻ ബ്ലോഗർ’ എന്ന യൂട്യൂബ് ചാനൽ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിക്കുകയും വൈൻ നിർമ്മിക്കുകയും ചെയ്തു എന്നുള്ളതാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ അക്ഷജിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. എന്നാൽ ജയിലിൽ പോയ സമയത്ത് അനുഭവങ്ങൾ വ്ളോഗാക്കി പുറത്തിറക്കിക്കൊണ്ടാണ് അക്ഷജ് ശ്രദ്ധയാകർഷിച്ചത്.

പത്തു ദിവസത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ അക്ഷജ് തൻറെ യൂട്യൂബ് ചാനലിലൂടെ ആദ്യം ചെയ്തത് ജയിൽ റിവ്യൂ ആണ്. ജയിലിലെ സൗകര്യങ്ങളും പതിവ് ശീലങ്ങളും മറ്റു കാര്യങ്ങൾ ഒക്കെ റിവ്യൂവിൽ വിശദമായി പറഞ്ഞിട്ടുമുണ്ട്. എക്സൈസ് പിടികൂടി ജയിലിലേക്ക് അയച്ച യൂട്യൂബറുടെ ‘ജയിൽ റിവ്യൂ’ വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. കേസിനെക്കുറിച്ചും, ജയിൽ ജീവിതത്തെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന അക്ഷജ് ഒരു ദിവസത്തെ ജയിലിലെ ദിനചര്യകളെ കുറിച്ചും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

Leave a Comment