വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഗുജറാത്തിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഗൗതം അദാനി. കൂടാതെ ഒരു ലക്ഷം തൊഴിലവസരങ്ങളും അദാനി ഗ്രൂപ്പ് വാഗ്ധാനം ചെയ്യുന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി 2024ലാണ് അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനി ഇക്കാര്യം പ്രഖ്യാപിച്ചത്. “ഞങ്ങൾ ഒരു ആത്മനിർഭർ ഭാരതിനായി ഹരിത വിതരണ ശൃംഖല വികസിപ്പിക്കുകയും ഏറ്റവും വലിയ സംയോജിത, പുനരുപയോഗിക്കാവുന്ന ഊർജ്ജ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് രണ്ട് ലക്ഷം കോടി രൂപ ഗുജറാത്തിൽ നിക്ഷേപിക്കും” ഗൗതം അദാനി പറഞ്ഞു. ഈ മൾട്ടി-ബില്യൺ ഡോളർ നിക്ഷേപം നൂതനാശയങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗുജറാത്തിലെ പുനരുപയോഗ ഊർജ മേഖലയുടെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നതിനുമാണ്. നിക്ഷേപം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗൗതം അദാനി പറഞ്ഞു.
ഗുജറാത്തിനായുള്ള കമ്പനിയുടെ നിക്ഷേപ പദ്ധതിക്ക് പുറമേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച മികച്ച സാമ്പത്തിക വളർച്ചയും അദാനി ഉയർത്തിക്കാട്ടി. 2014 മുതലുള്ള ഇന്ത്യയുടെ ജിഡിപി വളർച്ചയും പ്രതിശീർഷ വരുമാനവും അദ്ദേഹം എടുത്തുപറഞ്ഞു. മികച്ചത് ഇനിയും വരാനിരിക്കുന്നതെയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ 42,700 കോടി രൂപയുടെ വൻകിട നിക്ഷേപം അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് തമിഴ്‌നാടുമായി ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.
24,500 കോടി രൂപ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് അടുത്ത 5-7 വർഷത്തിനുള്ളിൽ മൂന്ന് പമ്പ് സംഭരണ പദ്ധതികളിലേക്ക് (പിഎസ്പി) നിക്ഷേപിക്കും. തമിഴ്‌നാട് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിലാണ് ഇതുമായി ബന്ധപ്പെട്ട് ധാരണയായത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സംസ്ഥാന വ്യവസായ മന്ത്രി ടി ആർ ബി രാജ, അദാനി തുറമുഖങ്ങളുടെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും മാനേജിംഗ് ഡയറക്ടർ കരൺ അദാനി എന്നിവർ ചേർന്നാണ് ധാരണാപത്രം ഒപ്പുവച്ചത്. ക്യാബിനറ്റ് മന്ത്രിമാരും വിവിധ സർക്കാർ വകുപ്പുകളിലെ സെക്രട്ടറിമാരും മീറ്റിൽ പങ്കെടുത്തു.