മമ്മൂട്ടിയുടെ വാക്കുകൾ വൈറലാകുമ്പോൾ

Written by Taniniram1

Published on:

“മത്സരത്തിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാലോകത്ത് അവസരങ്ങൾ ഒരു പോലെയാണ്.ഒരു യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോലും സാധിക്കാത്ത ഞാൻ നിങ്ങളുടെ മുന്നിൽ സംസാരിക്കാനുള്ള അർഹത നേടിയെങ്കിൽ ഈ കലാപരിപാടിയിൽ പങ്കെടുത്തു വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും ഒരുപോലെ ഒരു പാട് അവസരങ്ങൾ ഉണ്ടാവും”.

കൊല്ലത്ത് സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത നടൻ മമ്മൂട്ടി നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്. കുട്ടികൾക്ക് കലയുടെ ലോകത്ത് അവസരങ്ങൾ ഒരുപാടുണ്ടെന്നും അതിൽ വിശ്വസിക്കാൻ പ്രാപ്തരാക്കുന്നതുമായിരുന്നു ഈ വാക്കുകൾ .

പണ്ടെങ്ങോ കേട്ടു പഠിച്ച ഒരു കഥയുണ്ട്.ഒരിക്കൽ മരച്ചില്ലയിലിരിക്കുന്ന പക്ഷിയോട് ഒരാൾ ചോദിച്ചു.
“അല്ലയോ പക്ഷി നീ ഇരിക്കുന്ന ചില്ല ഒടിഞ്ഞ് പോകുമോ എന്ന് വേവലാതിപ്പെടാറില്ലേ”.

“പക്ഷി പറഞ്ഞു , ഞാൻ വിശ്വാസമർപ്പിക്കുന്നത് മരച്ചില്ലയില്ല.എന്റെ ചിറകുകളിൽ ആണ്.”

പക്ഷി പറഞ്ഞത് എത്ര വലിയ സത്യമാണെന്ന് ആലോചിച്ചു നോക്കൂ. അങ്ങനെ സ്വയം വിശ്വാസമർപ്പിച്ചാലെ നമുക്ക് വിജയം കൈവരിക്കാനാവൂ. മത്സരങ്ങളിൽ പരാജയപ്പെട്ടാലും കുട്ടികളെ , ഇനിയും മുന്നോട്ട് അവസരങ്ങളുണ്ടാകുമെന്ന വിശ്വാസം ആദ്യം ആർജ്ജിക്കേണ്ടത് നിങ്ങൾ തന്നെയാണ്.

അറുപത്തിരണ്ടാമത് സ്ക്കൂൾ കലോത്സവം അവസാനിച്ചപ്പോൾ നമ്മുടെ കലാ കേരളത്തിന് അഭിമാനിക്കാനായി ഏറെയുണ്ട്.നമ്മുടെ കുട്ടികൾ സ്ക്കൂൾ തലത്തിലും, റവന്യു ജില്ലയിലും, ജില്ലയിലും മത്സരിച്ചാണ് സംസ്ഥാനത്തെത്തുന്നത്.അത്രയും പ്രഗത്‌ഭരായ നമ്മുടെ കുട്ടികളുടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വിജയവും പരാജയവും നിർണ്ണയിക്കുന്നത്.ആ സമയത്തെ പ്രകടനം മാത്രമാണ് വിധികർത്താക്കളിലെത്തുന്നത്. അതുകൊണ്ട് തന്നെ ഒരിക്കലും കുട്ടികളെ ആ പ്രകടനം കൊണ്ട് അളക്കാനാവില്ല.

കാലുകൾ അറ്റ് പോയിട്ടും ആത്മവിശ്വാസം കൊണ്ട് എവറസ്റ്റ് കീഴടക്കിയ അരുണിമ സിൻഹയുടെ കഥ ഈ അവസരത്തിൽ നമ്മളോർക്കണം.അവർ തന്നെയാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും നല്ല ജീവിക്കുന്ന ഉദാഹരണം.മുന്നോട്ടുള്ള കുതിപ്പിന് ഒരു പാട് പ്രതിസന്ധികളുണ്ടാവും.അത് തരണം ചെയ്ത് മുന്നോട്ട് പോകുമ്പോൾ, മമ്മൂട്ടി പറഞ്ഞ പോലെ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും ഒരു പോലെ ഒരു പാട് അവസരങ്ങൾ ഉണ്ടാവും.അതു കൊണ്ട് കുട്ടികളെ ധൈര്യത്തോടെ, “ഞങ്ങൾക്ക് മാത്രമെ അതിനു കഴിയൂ”എന്ന വിശ്വാസത്തോടെ മുന്നോട്ട് തന്നെ.

താര അതിയടത്ത്

See also  ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമ; ഓസ്ക്കാറിൽ കുറഞ്ഞതൊന്നും മമ്മൂട്ടി അർഹിക്കുന്നില്ല : സന്ദീപാനന്ദ​ഗിരി

Related News

Related News

Leave a Comment