ഇമേജ്-പരിസ്ഥിതി മിത്ര പുരസ്‌കാരം നഗര കുടുംബാരോഗ്യ കേന്ദ്രം ഗോസ്സായിക്കുന്നിന് ലഭിച്ചു.
തിരുവല്ലയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പങ്കെടുത്ത ചടങ്ങിൽ ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹ്, ഇമേജ് ചെയർമാൻ ഡോ. അബ്രഹാം വർഗ്ഗീസ്, സെക്രട്ടറി ഡോ. ഷറഫുദ്ദീൻ കെ.പി എന്നിവരിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങി. ഒ.പി ക്ലിനിക് കാറ്റഗറിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനമാണ് കേന്ദ്രത്തിന് ലഭിച്ചത്.
ആശുപത്രികളിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ മികവിനാണ് പുരസ്‌കാരം ലഭിച്ചത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാനത്തെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധനകളുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌കാരം നൽകിയത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇമേജ് മാലിന്യ നിർമ്മാർജ്ജന പദ്ധതിയുമായി സഹകരിച്ചാണ് നഗര കുടുംബാരോഗ്യ കേന്ദ്രം മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നത്.
ആശുപത്രി മാലിന്യങ്ങൾ ദിവസേന തരംതിരിച്ച് കൃത്യമായ ഇടവേളകളിൽ ഇമേജിന് കൈമാറുകയാണ് മാലിന്യ നിർമ്മാർജ്ജനത്തിനായി കേന്ദ്രം സ്വീകരിച്ചിരിക്കുന്ന പ്രവർത്തനം.