കൈപ്പറമ്പ്: തരിശായി കിടക്കുന്ന പ്രദേശങ്ങൾ കാർഷികയോഗ്യമാക്കുകയെന്ന ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി കൈപ്പറമ്പ് പഞ്ചായത്ത് 12-ാം വാർഡിലെ ചെമ്മങ്ങാട്ടുവളപ്പിൽ സി.എ. രാധാകൃഷ്ണൻ്റെ രണ്ടേക്കറോളം വരുന്ന കൃഷിയിടത്തിലെ കരനെൽക്കൃഷിയുടെ വിളവെടുപ്പ് ആവേശമായി. രണ്ടേക്കറോളം വരുന്ന കൃഷിയിടത്തിൽ ഒന്നര ഏക്കറിലാണ് ഉമ ഇനത്തിൽപ്പെട്ട നെല്ല് വിളയിച്ചത്.
അര ഏക്കറോളം വരുന്ന ബാക്കി കൃഷിയിടത്തിൽ വെണ്ട, പാവൽ, കോവയ്ക്ക, പടവലം, പയർ, വാഴ, ഇഞ്ചി, മഞ്ഞൾ എന്നിവയും വിളഞ്ഞ് നിൽക്കുന്നുണ്ട്. പരമ്പരാഗത രീതിയിൽ ജൈവവളവും പച്ചിലയും മാത്രം ഉപയോഗിച്ചാണ് കൃഷി. കരനെൽക്കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഉഷാദേവി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ജൈവരീതിയിൽ കരനെൽക്കൃഷിയിൽ വിജയം കൈവരിച്ച സി.എ. രാധാകൃഷ്‌ണനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ പൊന്നാട അണിയിച്ച് ആദരിച്ചു.
പഞ്ചായത്ത് അംഗം സി. ഔസേപ്പ് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ ഡോ. ജസ്ന മരിയ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗം സുഷിത ബാനിഷ്, കാർഷിക വികസന സമിതി അംഗങ്ങളായ സി.ഡി. ഔസേപ്പ്, സുനിൽ കണ്ടിരുത്തി, കൺവീനർ ശ്രീകുമാർ, അടാട്ട് ഫാർമേഴ്സ‌് സഹകരണ ബാങ്ക് ഭരണസമിതി അംഗം സി.കെ. രവീന്ദ്രൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ അജികുമാർ, കൃഷ്ണൻകുട്ടി, എൻ.ജെ. ശ്രീകുമാർ, സി. എ. നന്ദകുമാർ, കെ.കെ. കൃഷ്‌ൻ എന്നിവർ സംസാരിച്ചു.