കേരളത്തിലെ സഹകരണ ബാങ്കുകൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി റിസർവ് ബാങ്ക്.

Written by Taniniram Desk

Published on:

ന്യൂഡൽഹി : കേരളത്തിലെ സഹകരണ ബാങ്കുകൾ യഥാർത്ഥ ബാങ്കുകൾ അല്ലെന്ന് ഇടപാടുകാരെ വീണ്ടും ഓർമ്മിപ്പിച്ച് റിസർവ് ബാങ്ക്. സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കരുത് എന്ന് റിസർവ് ബാങ്ക് വീണ്ടും മുന്നറിയിപ്പ് നൽകി. ഇത് മൂന്നാമത്തെ തവണയാണ് പേരിലെ ബാങ്ക് ഒഴിവാക്കണമെന്ന് കേരളത്തിലെ സഹകരണ സംഘങ്ങളോട് റിസർവ് ബാങ്ക് ആവശ്യപ്പെടുന്നത്.

ചില സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടും ചില സംഘങ്ങള്‍ ഇപ്പോഴും ഇത് തുടരുന്നുണ്ടെന്നും കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിലൂടെ റിസർവ് ബാങ്ക് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കേരളത്തിലെ സഹകരണ ബാങ്കുകൾ എന്ന് പറയപ്പെടുന്ന സംഘങ്ങളിലെ ഉപഭോക്താക്കൾക്ക് ആർബിഐ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. കേരളത്തിലെ സഹകരണ സംഘങ്ങൾ ഇപ്പോഴും ബാങ്ക് എന്ന് പേരിനോടൊപ്പം ചേർക്കുന്നതുമായി ബന്ധപ്പെട്ട് മുൻപ് രണ്ട് തവണ റിസർവ് ബാങ്ക് മാദ്ധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു. എന്നാൽ തുടർച്ചയായി മുന്നറിയിപ്പ് നൽകിയിട്ടും കേരളത്തിലെ സഹകരണ സംഘങ്ങളിൽ ഒന്നുമാത്രമാണ് പേരിൽ നിന്നും ബാങ്ക് ഒഴിവാക്കിയത്. സഹകരണ സംഘങ്ങളുടെ ഈ നിഷേധാത്മക നിലപാടിനെ തുടർന്നാണ് ആർബിഐ വീണ്ടും പരസ്യം നൽകിയിരിക്കുന്നത്.

നിയമലംഘനം തുടര്‍ന്നാല്‍ കടുത്ത നടപടിയെടുക്കുമെന്ന് അറിയിക്കാനാണ് ആർബിഐ പത്രമാദ്ധ്യമങ്ങളിലൂടെ അറിയിപ്പ് നൽകുന്നത് . 2021 നവംബറിലും 2023 നവംബറിലുമാണ് മുമ്പ് ഇത്തരത്തിൽ സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കുന്നതിനെതിരെ മാദ്ധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നത്. കേരളത്തിലെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളാണ് ബാങ്കുകള്‍ എന്ന് ചേര്‍ത്ത് പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നതെന്നാണ് ആര്‍ബിഐ അറിയിക്കുന്നത്.

Related News

Related News

Leave a Comment