ഉപഭോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന തേഡ് പാർട്ടി കുക്കീസ് ഗൂഗിൾ ക്രോം നിർത്തലാക്കി. ഇതിനായുള്ള പുതിയ ട്രാക്കിങ് പ്രൊട്ടക്ഷൻ ഫീച്ചർ ഗൂഗിൾ ക്രോം ബ്രൗസറിൽ അവതരിപ്പിച്ചു. ഗൂഗിൾ ക്രോമിന്റെ ആഗോള ഉപഭോക്താക്കളിൽ ഒരു ശതമാനത്തിലേക്കാണ് ഈ മാറ്റം ഇപ്പോൾ എത്തിക്കുക. ഇത് ഏകദേശം മൂന്ന് കോടിയോളം വരും. കമ്പനികൾ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന രീതിയിൽ ഇതോടെ മാറ്റം വരും.
ഒരു പരീക്ഷണം എന്ന നിലയ്ക്കാണ് ഗൂഗിൾ ഈ മാറ്റം അവതരിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ ആഗോള തലത്തിൽ എല്ലാ ഉപഭോക്താക്കൾക്കുമായി ഇത് നടപ്പാക്കും. അതിനിടെ തേഡ് പാർട്ടി കുക്കീസിന് വിലക്കേർപ്പെടുത്തുന്നത് തങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് ചില പരസ്യ ദാതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. ലോകത്തെ ഏറ്റവും ജനപ്രിയമായ ഇന്റർനെറ്റ് ബ്രൗസറാണ് ഗൂഗിൾ ക്രോം. ഫീച്ചർ ലഭ്യമാകുന്ന ഉപഭോക്താക്കളെ ഗൂഗിൾ ഇക്കാര്യം അറിയിക്കും.
തേഡ് പാർട്ടി കുക്കീസ് വിലക്കുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യതയിൽ ബ്രൗസ് ചെയ്യാൻ സാധിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്. എന്നാൽ പരസ്യ വിതരണത്തിന് കുക്കീസ് അത്യാവശ്യ ഘടകമാണെന്നാണ് വിവിധ വെബ്‌സൈറ്റുകൾ പറയുന്നത്.