അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു പുറമേ വിദ്യാർഥികളുടെ മാനസിക- ശാരീരിക ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തി പുതിയ കാലത്തിന് ചേരുന്ന നല്ല മനുഷ്യരായി കുട്ടികളെ വളർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ രാജൻ. പ്രൈമറി വിദ്യാര്‍ഥികള്‍ക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെല്‍ത്തി കിഡ്സ് പദ്ധതി പട്ടിക്കാട് ഗവ. എല്‍.പി. സ്‌കൂളില്‍ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ മേഖലയിൽ ചിലവാക്കുന്ന തുക ശക്തരായ വ്യക്തിത്വങ്ങളെ സൃഷ്ടിക്കാൻ ഉള്ള മൂലധനമാണ്. വിദ്യാഭ്യാസരംഗത്ത് നവ കാഴ്ചപ്പാടുകളിൽ പിന്തുടർന്നാണ് സംസ്ഥാനത്ത് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. കുട്ടികളെ ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് മോചിപ്പിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ആവശ്യമാണ്. പട്ടിക്കാട് ഗവ. എൽ പി സ്കൂളിനെ മാതൃകാ വിദ്യാലയമാക്കി മാറ്റുന്നതിന് അധ്യാപകരെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വിപുലമായ യോഗം ഈ മാസം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരിപാടിയോട് അനുബന്ധിച്ച് സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസ്സുകളിലെ വിദ്യാർഥികൾ തയ്യാറാക്കിയ ഡയറി മന്ത്രി പ്രകാശനം ചെയ്തു. നവകേരള സദസ്സിൽ പ്രകാശനം ചെയ്ത കലണ്ടർ തയ്യാറാക്കാൻ നേതൃത്വം നൽകിയ എച്ച്.എം. പി എസ് ഷിനിയെ സ്കൂൾ പി ടി എക്ക് വേണ്ടി മന്ത്രി ആദരിച്ചു.
പൂര്‍ണ കായിക ക്ഷമതയുള്ള തലമുറയെ വളര്‍ത്തിയെടുക്കുന്നതിനോടൊപ്പം ശരിയായ ശരീര വളര്‍ച്ചയ്ക്ക് അഭികാമ്യമായ കായിക പ്രവര്‍ത്തനങ്ങള്‍ എല്‍ പി തലം മുതല്‍ തുടങ്ങുകയാണ് പദ്ധതി ലക്ഷ്യം. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഓണ്‍ലൈന്‍ കളിയുടെ ചാരുതയോടുകൂടി കായിക പ്രവര്‍ത്തനങ്ങളിലൂടെ മാത്രം ഫലം പ്രാപ്യമാക്കുന്ന രീതിയിലുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന സ്മാര്‍ട്ട് ഗെയിം റൂം, കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിന് കൂടുതല്‍ ഉത്സാഹവും ഉണര്‍വും വിനോദങ്ങളിലൂടെ ലഭിക്കുന്ന പരിപാടികള്‍, ഓരോ അധ്യാപകര്‍ക്കും ഓണ്‍ലൈന്‍ പരിശീലനം, കുട്ടികളുടെ ദിവസേനയുള്ള പ്രവര്‍ത്തന മികവ് അറിയാനായി റിയല്‍ ടൈം ഓണ്‍ലൈന്‍ പരിശീലനം തുടങ്ങിയവ പദ്ധതിയുടെ പ്രത്യേകതയാണ്. കായിക യുവജനകാര്യ വകുപ്പിന്റെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിനുവേണ്ടി എസ്.സി.ഇ.ആര്‍.ടി. വികസിപ്പിച്ച പദ്ധതിയാണ് ഹെല്‍ത്തി കിഡ്‌സ്.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. വി സജു, ഹെൽത്തി കിഡ്സ് പദ്ധതി സ്റ്റേറ്റ് ഹെഡ് ഹരി പ്രഭാകരൻ, സ്ഥിരം സമിതി അംഗങ്ങളായ കെ വി അനിത, സുബൈദ അബൂബക്കർ, തൃശൂർ ഈസ്റ്റ് എ ഇ ഒ പി എം ബാലകൃഷ്ണൻ, പിടിഎ പ്രസിഡന്റ് പി പി സരുൺ, എച്ച്.എം. പി എസ് ഷിനി, പൂർവ്വ അധ്യാപകനായ ചന്ദ്രശേഖരൻ, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.