സുനിൽ സുഖദയുടെ അമ്മ സരസ്വതി അമ്മ ഓർമയായി

Written by Taniniram1

Published on:

തൃശൂർ: നാടക സിനിമ പ്രവർത്തകനായ സുനിൽ സുഖദയുടെ അമ്മ സരസ്വതി അമ്മ (87) ഓർമ്മയായി. പൂത്തോൾ വെളുത്തശ്ശേരി ചക്കാലകുമ്പിൽ സരസ്വതി അമ്മ നാടക സിനിമ പ്രവർത്തകർക്ക് സ്നേഹനിധിയായ അമ്മ കൂടിയാണ്. മകൻ സുനിൽ സുഖദയോടൊപ്പം വീട്ടിൽ വരുന്ന സൗഹൃദക്കൂട്ടങ്ങൾക്ക് സ്നേഹാന്നം വിളമ്പി വെളുത്തുശ്ശേരി തറവാട്ടിൽ നിറഞ്ഞുനിന്ന നിലവിളക്കായിരുന്നു സരസ്വതി അമ്മ.

ഇന്ന് പുലർച്ചയാണ് സരസ്വതി അമ്മയെ മരണം കൂട്ടിക്കൊണ്ടുപോയത്. തൃശ്ശൂർ പൂത്തോളിലെ വീട്ടിൽ കഴിയുമ്പോഴും താൻ ജനിച്ച് കളിച്ചു വളർന്ന പുന്നയൂർക്കുളത്തെ തറവാട്ട് വീട്ടിൽ കുറച്ചുദിവസം താമസിക്കണമെന്ന സരസ്വതി അമ്മയുടെ ആഗ്രഹം കൂടി സാധിച്ചിട്ടാണ് അമ്മയുടെ മടക്കം. കഴിഞ്ഞ വർഷം ഓണത്തിന് പുന്നയൂർക്കുളത്തെ പഴയ തറവാടായ മാധവി സദനത്തിൽ പോയി താമസിച്ചിരുന്നു. പഴയ തറവാട് കുറെയൊക്കെ നശിച്ചു പോയെങ്കിലും അമ്മയുടെ ആഗ്രഹം സാധിക്കുന്നതിനായി മക്കൾ വീട് നവീകരിച്ച് രണ്ടുമാസത്തോളം അമ്മയെ വീട്ടിൽ താമസിപ്പിച്ചു. അന്ന് സുനിൽ സുഖദയുടെ സുഹൃത്തുക്കൾക്ക് ഓണക്കോടിയും സദ്യയും മറ്റും നൽകി അമ്മയുടെ അനുഗ്രഹവും സ്നേഹവും അനുഭവിക്കാൻ കഴിഞ്ഞതായി നാടക പ്രവർത്തകനായ ഗണേഷ് പറഞ്ഞു. അമ്മയോടൊപ്പം ഉള്ള ഓരോ നിമിഷവും മറക്കാനാവാത്ത സന്തോഷം നിറഞ്ഞതായിരുന്നുവെന്നും നാടക സിനിമ പ്രവർത്തകർ ഓർമ്മിക്കുന്നു.

സരസ്വതി അമ്മയുടെ ഭൗതികശരീരം ഇന്ന് വൈകിട്ട് പുന്നയൂർക്കുളത്തെ മാധവി സദനത്തിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒമ്പതിന് തറവാട്ടുപറമ്പിൽ സംസ്കാരം നടത്തും. മക്കൾ: ഡോക്ടർ സുരേഷ് മേനോൻ, സുനിൽ സുഖദ, ഡോക്ടർ സുപ്രിയ (ശ്രീ കേരളവർമ്മ കോളേജ്), ഡോക്ടർ സുനിത (ജിപ്മർ ഹോസ്പിറ്റൽ പോണ്ടിച്ചേരി ) മരുമക്കൾ: ഉഷ, ഡോക്ടർ ജയശ്രീ (യുകെ), സുനിൽ ദയാനന്ദ് (ചാർട്ടേഡ് അക്കൗണ്ടന്റ്), ഡോക്ടർ പ്രദീപ് പി നായർ ( ജിപ്മർ ഹോസ്പിറ്റൽ പോണ്ടിച്ചേരി).

Related News

Related News

Leave a Comment