മനുഷ്യശരീരത്തില്‍ ദീര്‍ഘകാലം ഒളിഞ്ഞിരിക്കാന്‍ ക്ഷയരോഗ ബാക്ടീരിയകളെ സഹായിക്കുന്ന ജീനുകളെ കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ക്ഷയരോഗ ബാക്ടീരിയയായ മൈകോബാക്ടീരിയം ടൂബര്‍കുലോസസിനെ സഹായിക്കുന്ന ജീനുകളെയാണ് കണ്ടെത്തിയത്. ഇവ പ്രതിരോധശക്തിയെയും മരുന്നുകളെയും വെട്ടിച്ച് ശരീരത്തിനുള്ളില്‍ നിലനില്‍ക്കാന്‍ ബാക്ടീരിയകളെ സഹായിക്കുന്നു.
ബംഗ്ലൂരൂവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞരാണ് ഈ നിര്‍ണ്ണായ കണ്ടെത്തല്‍ നടത്തിയത്. ഇത് ക്ഷയരോഗത്തിനെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരും.
മൈകോബാക്ടീരിയം ടൂബര്‍കുലോസിനെ ശരീരത്തില്‍ നിലനില്‍ക്കാന്‍ സഹായിക്കുന്നത് ഐഎസ്സിഎസ്, എസ്‌യുഎഫ് ഒപെറോണ്‍ എന്നീ ജീനുകളാണെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെ ഈ ജീനുകളെ ലക്ഷ്യം വച്ചുള്ള ചികിത്സകള്‍ ക്ഷയരോഗത്തെ കൂടുതല്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
ഐഐഎസ്‌സിയിലെ മൈക്രോബയോളജി ആന്‍ഡ് സെല്‍ ബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രഫസര്‍ അമിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്. പഠനഫലം സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ചു.