സന്നിധാനത്ത് മസാല ദോശയ്‌ക്ക് 360 രൂപ; കയ്യോടെ പിടികൂടി കളക്ടർ

Written by Taniniram Desk

Updated on:

ശബരിമല: ശബരിമല തീർത്ഥാടകരിൽ നിന്ന് തോന്നിയ വില ഈടാക്കുന്ന സന്നിധാനത്തെ ഹോട്ടലുകളിൽ നിന്ന് പിഴ ഈടാക്കാൻ നിർദേശം നൽകി ജില്ലാ കളക്ടർ എ ഷിബു. കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പാത്രക്കടകളിൽ ഉൾപ്പെടെ അമിത തുക ഈടാക്കുന്നതായി കണ്ടെത്തിയത്.

സന്നിധാനത്തെ ഒരു ഹോട്ടലിൽ നാല് മസാല ദോശ വാങ്ങിയ തീർത്ഥാടകരോട് 360രൂപ വാങ്ങി. യഥാർത്ഥത്തിൽ 228 മാത്രമാണ് വില. എന്തുകൊണ്ടാണ് ബില്ലിൽ അമിത തുക ഈടാക്കിയതെന്ന് കളക്ടർ തിരക്കിയപ്പോൾ മസാല ദോശയ്‌ക്കൊപ്പം ചമ്മന്തി നൽകി എന്നായിരുന്നു മറുപടി. ഈ ഹോട്ടലിന് പിഴ ഈടാക്കാനും നോട്ടീസ് നൽകാനും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

പിന്നീട് മറ്റ് ഹോട്ടലുകളിൽ നിന്നിറങ്ങിയ തീർത്ഥാടകരിൽ നിന്നും ബില്ലുകൾ വാങ്ങി പരിശോധിച്ചു. അതിലും കൂടിയ വില ഈടാക്കിയതായി കണ്ടെത്തി. നെയ്‌റോസ്റ്റിന് 49 രൂപയാണ് വില എന്നാൽ 75 ആണ് ബില്ലിലുള്ളത്. പയറുകറിക്ക് 48 രൂപയ്‌ക്ക് പകരം 60 രൂപ വാങ്ങി. പൊറോട്ടയ്‌ക്ക് 15ന് പകരം 20 ഈടാക്കി. പാത്രക്കടകളിലും തോന്നിയ വില ഈടാക്കുന്നത് കളക്ടറുടെ ശ്രദ്ധയിൽപ്പെട്ടു.

അമിത വിലയ്‌ക്ക് പിഴ ഈടാക്കാനും നോട്ടീസ് നൽകാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതനുസരിച്ച് മൂന്ന് കടകൾക്ക് നോട്ടീസ് നൽകി. പാണ്ടിത്താവളത്തിൽ തീർത്ഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങളും കളക്ടർ വിലയിരുത്തി. ഡെപ്യൂട്ടി തഹസിൽദാർമാരായ ബി പ്രദീപ്, സുനിൽ കുമാർ എന്നിവരും കളക്ടർക്കൊപ്പം പങ്കെടുത്തു.

Related News

Related News

Leave a Comment