ദോഹ : ഏഷ്യന്‍ കപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ 24 ടീമുകളുടെയും അന്തിമ സംഘമായി. ജനുവരി 12 നാണ് ഏഷ്യന്‍ കപ്പിന്റെ കിക്കോഫ് വിസില്‍ മുഴങ്ങുക. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളെല്ലാം 26 പേര് അടങ്ങിയ ടീമിനെയാണ് പ്രഖ്യാപിച്ചത്. പകുതിയോളം ടീമുകള്‍ ഖത്തറിലെത്തി പരിശീലനവും തുടങ്ങി. വരും ദിനങ്ങളില്‍ മറ്റു ടീമുകളും എത്തും.
യൂറോപ്യന്‍ ക്ലബ്ബുകളില്‍ പന്തുതട്ടുന്ന സൂപ്പര്‍താരങ്ങള്‍ വരെ പല ടീമുകളിലുമുണ്ട്. ടോട്ടന്‍ഹാമിന്റെ ഹ്യൂങ് മിന് സണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളുമായാണ് ദക്ഷിണ കൊറിയ ടീമിന്റെ വരവ്. രണ്ട് വട്ടം ജേതാക്കളാണ് ദക്ഷിണ കൊറിയ.
2019 ഏഷ്യന്‍ കപ്പില്‍ ഖത്തറിനെ കിരീടത്തിലേക്ക് നയിച്ച ടീമിന്റെ സൂപ്പര്‍ താരങ്ങളായ അക്രം അഫിഫിയും അല്‍ മുഈസ് അലിയുമാണ് ആതിഥേയരുടെ ശ്രദ്ധേയ താരങ്ങള്‍. പരിചയസമ്പന്നരും പുതുമുഖങ്ങളുമായാണ് ആസ്ട്രേലിയ എത്തുന്നത്. മഹ്ദി തരിമിയുടെ നേതൃത്വത്തിലാണ് ഇറാനും ഏഷ്യന്‍ കപ്പിലെത്തുക. യൂറോപ്യന്‍ ലീഗില്‍ കളിക്കുന്ന ഒട്ടനവധി താരങ്ങളുമായാണ് ജപ്പാന് ഖത്തറിലേക്കെത്തുന്നത്.