വീട്ടിലെ കിണർ വെള്ളം കുടിച്ച് അമ്മയും മകളും ഗുരുതരാവസ്ഥയിൽ

Written by Taniniram1

Published on:

പീച്ചി: വീട്ടുമുറ്റത്തെ കിണറിൽ നിന്നും വിഷം കലർന്ന വെള്ളം കുടിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ അമ്മയെയും മകളെയും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശാ പ്രവർത്തകയായ പീച്ചി തെക്കേക്കുളത്ത് ചേലോടത്തിൽ ഷാജിയുടെ ഭാര്യ സന്ധ്യയും മകൾ ആൻമേരിയുമാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ഛർദ്ദിയും ഗുരുതരമായ മറ്റ് ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടർന്ന് നാട്ടുകാർ ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഷാജിയും മകനും ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല.

രാവിലെ വീട്ടുമുറ്റത്തെ കിണറിൽ നിന്നും എടുത്ത വെള്ളമാണ് തങ്ങൾ കുടിച്ചതെന്ന് ചികിത്സയിലുള്ളവർ പറഞ്ഞു. തലേദിവസം രാത്രിയിലാണ് കിണറിൽ വിഷം കലർത്തിയതെന്ന് സംശയിക്കുന്നു. വെള്ളത്തിന് രൂക്ഷമായ ഗന്ധമുണ്ട്. കിണറിന്റെ ഉൾഭാഗത്ത് വളർന്നുനിൽക്കുന്ന ചെടികളിൽ എന്തോ ദ്രാവകം വീണതിന്റെ ലക്ഷണങ്ങളുണ്ടെന്നും നാട്ടുകാർ പറയുന്നു. പരാതി നൽകിയതിനെ തുടർന്ന് പീച്ചി പോലീസ്ഷാജിയുടെ വീട്ടിലെത്തി പരിശോധന നടത്തി. ആരോഗ്യ പ്രവർത്തകർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരുടെ മൊഴിയെടുത്തു. കഴിഞ്ഞ ദിവസം ഷാജിയുടെ കുടുംബവും തൊട്ടടുത്ത വീട്ടുകാരും തമ്മിൽ അതിർത്തി തർക്കവും വാഗ്വാദവും നടന്നതായി നാട്ടുകാർ പറഞ്ഞു.

See also  പ്രശസ്ത സംവിധായകൻ ഉപാസന മോഹൻ അന്തരിച്ചു…

Leave a Comment