ശാസ്‌ത്ര കോൺഗ്രസിന്‌ ധനസഹായം തടഞ്ഞ്‌ മോദി സർക്കാർ

Written by Taniniram Desk

Updated on:

ന്യൂഡൽഹി : കേന്ദ്രസർക്കാർ ധനസഹായം തടഞ്ഞതോടെ ഒരു നൂറ്റാണ്ടുപിന്നിട്ട ഇന്ത്യൻ ശാസ്‌ത്ര കോൺഗ്രസ്‌ ആദ്യമായി മുടങ്ങി. മുന്നൂറോളം ശാസ്‌ത്ര പുരസ്‌കാരങ്ങൾ നിർത്തലാക്കിയതിനു പിന്നാലെയാണ്‌ മോദി സർക്കാരിന്റെ നടപടി. എല്ലാ വർഷവും ജനുവരി മൂന്നുമുതൽ അഞ്ചുദിവസമാണ്‌ രാജ്യത്തെ ഏറ്റവും ഉയർന്ന ശാസ്‌ത്ര സമ്മേളനം സംഘടിപ്പിച്ചിരുന്നത്‌. കോവിഡിനെ തുടർന്ന്‌ 2021, 2022 വർഷം നടത്തിയിരുന്നില്ലെങ്കിലും 108 വർഷത്തിനിടെ ആദ്യമായാണ്‌ മുടങ്ങുന്നത്‌. ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷന്‌ (ഐഎസ്‌സിഎ) കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ്‌ പണം നിഷേധിച്ചതാണ്‌ മുടങ്ങാൻ കാരണം.

കേന്ദ്രസർക്കാരിന്റെ താൽപ്പര്യത്തിനു വിരുദ്ധമായി യുപിയിലെ ലഖ്‌നൗവിന്‌ പകരം ജലന്ധറിലെ ലൗവ്‌ലി സർവകലാശാലയാണ്‌ ശാസ്‌ത്രകോൺഗ്രസിന്‌ വേദിയാക്കിയത്‌. ഇതിനുപിന്നാലെയാണ്‌, അഞ്ചുകോടി രൂപ വരുന്ന ധനസഹായം നൽകേണ്ടന്ന്‌ കേന്ദ്രം തീരുമാനിച്ചത്‌. സെപ്‌തംബറിൽ ഐഎസ്‌സിഎയ്‌ക്ക്‌ നൽകിയ കത്തിൽ സാമ്പത്തികക്രമക്കേട്‌ കേന്ദ്രം ആരോപിച്ചിരുന്നുവെങ്കിലും സ്വയംഭരണാധികാരമുള്ള ഐഎസ്‌സിഎ ശക്തമായി നിഷേധിച്ചു. സയൻസ്‌ കോൺഗ്രസ്‌ നടത്താൻ സന്നദ്ധതയുള്ള സ്ഥാപനങ്ങൾക്ക്‌ അവസരം നൽകാനായി ഫെബ്രുവരിയിൽ അറിയിപ്പ്‌ നൽകുമെന്നാണ്‌ ഒടുവിൽ ഐഎസ്‌സിഎ പ്രസിഡന്റ്‌ അരവിന്ദ് സക്‌സേന അറിയിച്ചിരിക്കുന്നത്‌.

പണവും പിന്തുണയും വിജ്ഞാന ഭാരതിക്ക്‌
ആർഎസ്‌എസിന്റെ കീഴിലുള്ള വിജ്ഞാന ഭാരതി മുൻകൈയെടുത്ത്‌ നടത്തുന്ന ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന്‌ (ഐഐഎസ്‌എഫ്‌) കൈയയച്ച്‌ സഹായം ചെയ്യുമ്പോഴാണ്‌ കേന്ദ്രസർക്കാർ ദേശീയ ശാസ്‌ത്ര കോൺഗ്രസിന്‌ ഫണ്ട്‌ നൽകാത്തത്‌. ശാസ്‌ത്രചിന്തയ്‌ക്ക്‌ പകരം മിത്തുകളെയും ഐതിഹ്യങ്ങളെയും ശാസ്‌ത്രമെന്ന പേരിൽ അവതരിപ്പിക്കുന്ന സംഘടനയാണ്‌ വിജ്ഞാന ഭാരതി. ഐഐഎസ്‌എഫിന്റെ ഒമ്പതാം പതിപ്പ്‌ ജനുവരി 17–- 20 തീയതികളിൽ ഹരിയാനയിലെ ഫരീദാബാദിലാണ്‌ നടക്കുക. സിന്ധുനദീതട സംസ്‌കാരത്തിൽ ആര്യവംശജരുടെ അധിനിവേശം ഉണ്ടായിട്ടില്ലെന്നും ജനങ്ങൾ സംസ്‌കൃതമാണ്‌ സംസാരിച്ചിരുന്നതെന്നും പടച്ചുവിട്ടതും ഇതേ സംഘടനയാണ്‌.

Related News

Related News

Leave a Comment