ചെറുതുരുത്തി: പാഞ്ഞാൾ പഞ്ചായത്തിലെ വാളനാടുകുന്ന് പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങിയിട്ട് അഞ്ചുമാസം. അതേസമയം ഈ ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് ലൈൻ പൊട്ടി ഇത്രയും കാലമായി വെള്ളം പാഴാകുകയാണ്. പൈപ്പ് പൊട്ടിയതാണ് വെള്ളം വിതരണം മുടങ്ങാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും പരിഹാരമില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഉദ്യോഗസ്ഥരുടെ സമ്മതമില്ലാതെ ഒന്നും ചെയ്യാനാവില്ല എന്നാണ് കരാർ ജീവനക്കാരുടെ പ്രതികരണം.
കുന്നിൻപ്രദേശമായ ഇവിടെ സാധാരണ ഗതിയിൽ വെള്ളത്തിന് ദൗർലഭ്യമുണ്ട്. പ്രദേശത്തെ വീടുകളിൽ ഭൂരിഭാഗവും കിണറില്ലാത്തതാണ്. വാട്ടർ അതോറിറ്റിയുടെയും ജലനിധിയുടെയും വെള്ളം വിതരണമാണ് ആശ്രയം. ഇതാണ് അഞ്ചുമാസമായി മുടങ്ങിയിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ ജലനിധി നൽകുന്ന വെള്ളമാണ് ഇപ്പോഴത്തെ ആശ്രയം.