കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഉള്ളി വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് വിപണിയെ സാരമായി ബാധിക്കുന്നു. നൂറു ശതമാനത്തിലേറെയാണ് ഉള്ളിവില വർധിച്ചത്. വില വർദ്ധനവ് കാരണം സഹകരണ സംഘങ്ങളിലും പൊതു വിപണികളിലും വലിയ പ്രതിസന്ധി നേരിടുന്നതായി അധികൃതർ വ്യക്തമാക്കി. നേരത്തെ, ഒരു കിലോ ഉള്ളിയുടെ വില 250 ഫിൽസിൽ താഴെയായിരുന്നു, എന്നാൽ ഇപ്പോൾ ഒരു കിലോഗ്രാമിന് 450 മുതൽ 570 വരെ ഫിൽസ് വരെയായി വർധിച്ചു.അഞ്ച് കിലോഗ്രാം ഇറാനിയൻ ഉള്ളി നേരത്തെ 1.6 ദിനാറിനു വിറ്റിരുന്നത് ഇപ്പോൾ 2.470 ദിനാറിൽ എത്തി നിൽക്കുന്നു.
ഉള്ളി വിലയുടെ വർദ്ധനവ് നിയന്ത്രിക്കാൻ കൂടുതൽ ഉൽപാദനം നടത്താൻ കുവൈത്ത് ഫാർമേഴ്‌സ് യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. ഈജിപ്ത്, ഇന്ത്യ, സുഡാൻ, തുടങ്ങീ രാജ്യങ്ങങ്ങളിൽ നിന്ന് ചുവന്ന ഉള്ളി ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ചില രാജ്യങ്ങൾ കയറ്റുമതി നിർത്തിയതാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണം.