ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിലെ ഹാനഡ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ അപകടത്തിൽ 400ഓളം ആളുകൾ രക്ഷപ്പെട്ടതിന് പിന്നിലെ കാരണം പുറത്ത്. അടിയന്തര ഘട്ടത്തിൽ ലഗേജ് എടുക്കാന്‍ നിൽക്കാതെ വിമാനത്തിന് പുറത്ത് കടക്കാനുള്ള വിമാന കമ്പനി ജീവനക്കാരുടെ നിർദേശം അക്ഷരാർത്ഥത്തിൽ യാത്രക്കാർ പാലിച്ചതാണ് വൻ ദുരന്തം ഒഴിവായതിന് പിന്നിലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ജപ്പാന്‍ എയർലൈനിന്റെ 516 വിമാനമാണ് കോസ്റ്റ്ഗാർഡിന്റെ വിമാനവുമായി ലാന്‍ഡ് ചെയ്യുന്നതിനിടെ കൂട്ടിയിടിച്ചത്.
ജനുവരി 2 ചൊവ്വാഴ്ചയായിരുന്നു അപകടമുണ്ടായത്. യാത്രാ വിമാനത്തിലുണ്ടായിരുന്ന 379 യാത്രക്കാരെയും വിമാനം അഗ്നിക്കിരയാവും മുന്‍പ് പുറത്ത് എത്തിക്കാന്‍ വിമാനത്തിലെ ജീവനക്കാർക്ക് സാധിച്ചിരുന്നു. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചതിൽ ക്യാബിൻ ജീവനക്കാർക്ക് വലിയ രീതിയിലാണ് പ്രശംസ ലഭിച്ചത്. തീവ്ര സമ്മർദ്ദങ്ങൾക്കിടയിലും ക്യാബിന്‍ ജീവനക്കാരുടെ നിർദേശം അക്ഷരാർത്ഥത്തിൽ പാലിച്ച യാത്രക്കാർക്കും രക്ഷാപ്രവർത്തനത്തിൽ പങ്കുണ്ടെന്നാണ് ഒടുവിലെത്തുന്ന റിപ്പോർട്ട് വിശദമാക്കുന്നത്. യാത്രക്കാർ ലഗേജ് എടുക്കാന്‍ ബദ്ധപ്പെടാതെ പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
യാത്രക്കാർ ലഗേജ് എടുക്കാനായി രക്ഷാപ്രവർത്തനത്തിനിടെ ശ്രമച്ചിരുന്നുവെങ്കിൽ വലിയ രീതിയിലുള്ള ദുരന്തമായിരുന്നു സംഭവിക്കുകയെന്നാണ് അഗ്നി രക്ഷാ സേനാ വിദഗ്ധന്മാർ വിശദമാക്കുന്നത്. രക്ഷാപ്രവർത്തനം വളരെ മന്ദഗതിയിലാക്കാന്‍ മാത്രമാണ് ലഗേജ് എടുക്കാനുള്ള ശ്രമം സഹായിക്കുകയെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ജപ്പാനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലാണ് വലിയ അപകടമുണ്ടായത്. ചൊവ്വാഴ്ച ജപ്പാൻ സമയം വൈകുന്നേരം 5.47 നാണ് അപകടമുണ്ടായത്.
വടക്കൻ ജപ്പാനിലെ ഹോക്കയിഡോ ദ്വീപിൽ നിന്ന് 379 പേരുമായി യാത്ര തിരിച്ച ജപ്പാൻ എയര്‍ലൈന്‍സിന്റെ എയര്‍ ബസ് എ 350 വിമാനം ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ഭക്ഷണവും മരുന്നുമായി എത്തിയ കോസ്റ്റ്ഗാർഡിന്റെ വിമാനവുമായി റൺവേയിൽ വച്ചാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വിമാനങ്ങള്‍ക്കും തീപിടിച്ചു. ജപ്പാൻ എയർലൈൻസ് വിമാനത്തിൽ ഉണ്ടായിരുന്ന എട്ട് കുട്ടികൾ അടക്കം 367 യാത്രക്കാർ ആദ്യവും 12 ജീവനക്കാർ പിന്നാലെയുമായി കത്തുന്ന വിമാനത്തിൽ നിന്ന് സാഹസികമായി പുറത്തിറങ്ങിയിരുന്നു. എന്നാൽ കോസ്റ്റ്ഗാർഡ് വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ച് പേര്‍ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.